ന്യൂഡൽഹി: കോവിഡിൽ മാതാപിതാക്കൾ നഷ്ടമായ കുട്ടികളുടെ ഭാവിയിൽ കടുത്ത ആശങ്കയുമായി ദേശീയ ബാലാവകാശ കമീഷൻ. പതിനായിരത്തോളം കുട്ടികളെയാണ് ബാലാവകാശ കമീഷെൻറ പോർട്ടലായ ബാൽസ്വരാജ് കണ്ടെത്തിയത്. ഇവരിൽ മിക്കവരുടെയും അവസ്ഥ പരിതാപകരമാണെന്നും മനുഷ്യക്കടത്തിനും മാംസക്കച്ചവടത്തിനും ഇരയാകാനിടയുണ്ടെന്നും കമീഷൻ സുപ്രീം കോടതിയെ അറിയിച്ചു. കോവിഡ് അനാഥമാക്കിയ കുട്ടികളുടെ വിശദവിവരങ്ങൾ അനധികൃതമായി സ്വകാര്യ ഏജൻസികൾക്കും എൻ.ജി.ഒകൾക്കും കൈമാറിയതായി അധികൃതർക്ക് നിരവധി പരാതികൾ കിട്ടിയിട്ടുണ്ടെന്നും ബാലാവകാശ കമീഷൻ കോടതിയെ അറിയിച്ചു.
കോവിഡിൽ അനാഥരായ കുട്ടികൾക്കുവേണ്ടി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ വിശദാംശങ്ങൾ സംബന്ധിച്ച് ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് സ്വമേധയാ എടുത്ത കേസിലാണ് ബാലാവകാശ കമീഷൻ സുപ്രീം കോടതിയിൽ ആശങ്ക അറിയിച്ചത്.
കോവിഡ് ദുർബലവിഭാഗങ്ങളെ ഏറ്റവും രൂക്ഷമായി ബാധിച്ചെന്നും നിരവധി കുട്ടികൾ അനാഥരായെന്നും കോടതി നിയോഗിച്ച അമിക്കസ്ക്യൂറി അഡ്വ. ഗൗരവ് അഗർവാൾ കോടതിയെ അറിയിച്ചു. കോവിഡ് അനാഥരാക്കിയ കുട്ടികൾക്കായി കേന്ദ്രം പ്രഖ്യാപിച്ച പദ്ധതിയുടെ വിശദാംശങ്ങൾ സുപ്രീം കോടതി ആവശ്യപ്പെട്ടു. കേസ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.