ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസിനുള്ളിലെ സംഘർഷം വർധിച്ചതിനിടയിൽ, നെഹ്റുകുടുംബത്തിനു നേരെ വീണ്ടും വിമർശനത്തിെൻറ ചൂണ്ടുവിരൽ. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ് പാർട്ടിക്ക് വേണമെന്ന് മുതിർന്ന നേതാവ് കപിൽ സിബൽ വാർത്തസമ്മേളനത്തിൽ ആവശ്യെപ്പട്ടു. അടിയന്തരമായി പ്രവർത്തകസമിതി വിളിക്കണമെന്നാവശ്യപ്പെട്ട് ജി 23 സംഘത്തിലെ മറ്റൊരു നേതാവായ ഗുലാംനബി ആസാദ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു.
പഞ്ചാബിലെ പൊട്ടിത്തെറിക്കു പിറകെയാണ് മുതിർന്ന നേതാക്കൾ കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും ഇറങ്ങിയത്. തങ്ങൾ കോൺഗ്രസിനെതിരല്ല, അതേസമയം, നേതൃത്വത്തിെൻറ ആജ്ഞാനുവർത്തികൾ മാത്രമല്ലെന്ന് കപിൽ സിബൽ വാർത്തസമ്മേളനത്തിൽ തുറന്നടിച്ചു. കോൺഗ്രസിെൻറ ദുരവസ്ഥ കണ്ടിരിക്കാൻ വയ്യ. ആരാണ് തീരുമാനങ്ങളെടുക്കുന്നത്? പാർട്ടിയിൽ ജനാധിപത്യവും കൂട്ടായ തീരുമാനവും ഉണ്ടാകണം -കോൺഗ്രസിൽ അടിമുടി അഴിച്ചുപണി ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം സോണിയക്ക് കത്തെഴുതിയ 23 നേതാക്കളിൽ ഒരാളായ സിബൽ ആവശ്യപ്പെട്ടു.
പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയ അമരീന്ദർ സിങ് ഡൽഹിയിൽ ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടതിന് രണ്ടു മണിക്കൂർ മുമ്പായിരുന്നു സിബലിെൻറ വാർത്തസമ്മേളനം. ഹൈകമാൻഡ് മോശമായ വിധത്തിലാണ് തീരുമാനമെടുത്തതെന്ന് കുറ്റപ്പെടുത്തുന്ന അമരീന്ദർ, തെൻറ കൂടിക്കാഴ്ച വ്യക്തിപരമാണെന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന് സൂചനയുണ്ട്.
മോശമായ രീതിയിലാണ് പഞ്ചാബിലെ പ്രതിസന്ധി നേതൃത്വം കൈകാര്യം ചെയ്തതെന്ന് കോൺഗ്രസിൽ പരക്കെ വിമർശനമുണ്ട്. നാലു മാസത്തിനകം തെരഞ്ഞെടുപ്പ് നടക്കേണ്ട പഞ്ചാബിലെ പ്രതിസന്ധിയിൽനിന്ന് പുറത്തുകടക്കാനുള്ള വഴി ഹൈമാൻഡിനു മുന്നിൽ തെളിഞ്ഞിട്ടില്ല. കഴിഞ്ഞദിവസം പഞ്ചാബ് പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ച നവജോത്സിങ് സിദ്ദു ഹൈകമാൻഡ് സമ്മർദങ്ങൾക്കിടയിലും രാജി പിൻവലിക്കില്ലെന്ന നിലപാടിലാണ്. പ്രശ്നപരിഹാരം ഉണ്ടാക്കാമെന്നും ചർച്ച നടത്താമെന്നും മുഖ്യമന്ത്രി ചരൺജിത്സിങ് ചന്നി വാഗ്ദാനം ചെയ്തെങ്കിലും സിദ്ദു വഴങ്ങിയില്ല.
പഞ്ചാബിനൊപ്പം ഗോവ, ഛത്തിസ്ഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിലും കേരളത്തിലും കോൺഗ്രസിലെ പ്രശ്നങ്ങൾ നീറുകയാണ്. ഗോവ മുൻ മുഖ്യമന്ത്രി ലൂസീന്യോ ഫലേറോ കോൺഗ്രസ് വിട്ട് ബുധനാഴ്ച തൃണമൂൽ കോൺഗ്രസിൽ ചേർന്നു. കനയ്യ കുമാർ, ജിഗ്നേഷ് മേവാനി എന്നീ യുവനേതാക്കൾ കോൺഗ്രസിലെത്തിയത് മികവായി കാണിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പുതിയ സംഭവ വികാസങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.