രാജ്യദ്രോഹക്കുറ്റം ചുമത്തി കെജ്രിവാളിനെ ശിക്ഷിക്കാൻ അനുമതി നൽകണമെന്ന് കോൺഗ്രസ് നേതാവ്

ന്യൂഡൽഹി: ഫീഡ്ബാക്ക് യൂനിറ്റ് സ്നൂപിങ് കേസിൽ രാജ്യദ്രോഹനിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ചുമത്തി ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്‍രിവാളിനെ ശിക്ഷിക്കാൻ അനുമതി നൽകണമെന്ന് കോൺഗ്രസ് നേതാവായ സന്ദീപ് ദീക്ഷിത് ലഫ്. ഗവർണർ വി.കെ സക്സേനയോട് ആവശ്യപ്പെട്ടു. കേസിൽ ഡൽഹി ആരോഗ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ ചോദ്യം ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സി.ബി.ഐക്ക് അനുമതി നൽകിയിരുന്നു. ഡൽഹി മദ്യനയ കുംഭകോണക്കേസിലും ​അന്വേഷണം നേരിടുന്ന സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. 

എന്നാൽ രാഷ്ട്രീയലക്ഷ്യം വെച്ചുള്ള കേസാണിതെന്നാണ് എ.എ.പിയുടെ മറുപടി. നാളിതുവരെയായി സി.ബി.ഐയും ഇ.ഡിയും ഡൽഹി പൊലീസും ഞങ്ങൾക്കെതിരെ 163 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അതിൽ ഒന്നിൽ പോലും തെളിവു കണ്ടെത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല. 134 കേസുകൾ തള്ളിപ്പോയി. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാൾ തെളിവുകൾ കണ്ടെത്തുന്നതിൽ പരാജയപ്പെടുകയാണ്.-എ.എ.പി വ്യക്തമാക്കി. അതേസമയം, മദ്യനയ കേസിൽ സിസോദിയ അറസ്റ്റിലായതോടെ എ.എ.പി കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്.

ലഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേനയാണ് ആഭ്യന്തരമന്ത്രാലയത്തിന്റ നിർദേശ പ്രകാരം സിസോദിയയെ സി.ബി.ഐക്ക് ചോദ്യം ചെയ്യുന്നതിനായി അനുവാദം നൽകിയത്.

ഡൽഹി വിജിലൻസ് ഡിപാർട്ട്‌മെന്റിന് കീഴിൽ ആരംഭിച്ച ഫീഡ്ബാക്ക് യൂനിറ്റ് വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ ചോർത്തി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന പരാതിയിലാണ് കേസ്.

​എ.എ.പി അധികാരത്തിൽ വന്നതിന് ശേഷം 2015 ൽ മനീഷ് സിസോദിയ ആണ് സ്നൂപിങ്ങ് യൂനിറ്റിന് തുടക്കം കുറിച്ചത്. സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങൾ തേടുന്നതിനാണ് ഈ വിഭാഗം എന്ന അവകാശവാദം ഉന്നയിച്ചായിരുന്നു ഫീഡ്ബാക്ക് യൂനിറ്റിന്റെ ആരംഭം. എന്നാൽ മറ്റ് പാർട്ടി നേതാക്കളുടേതുൾപ്പെടെയുള്ള വിവരങ്ങൾ ഇത് വഴി ചോർത്തുന്നതായി ആരോപണമുയർന്നു.

2015 ൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇതുമായി ബന്ധപ്പെട്ട നിർദേശം സഭയിൽ അവതരിപ്പിച്ചത്. എന്നാൽ അജണ്ട നോട്ട് നൽകുകയോ യൂനിറ്റിന്റെ രൂപീകരണത്തിനായി ലഫ്.ഗവർണറിൽ നിന്നു അനുമതി വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമായി. ഇതോടെ വിജിലൻസ് ഡിപാർട്ട്‌മെന്റിന്റെ തലവൻകൂടിയായ സിസോദിയയെ ചോദ്യം ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് സി.ബി.ഐ ലഫ്. ഗവർണറെ സമീപിക്കുകയായിരുന്നു.

Tags:    
News Summary - Cong leader asks delhi LG to prosecute Kejriwal under Sedition Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.