'കോൺഗ്രസ് കുതന്ത്രങ്ങളുടെ പാർട്ടി, ഞങ്ങളെ ചതിക്കാമെങ്കിൽ അവർ നിങ്ങളെയും ചതിക്കും'; കോൺഗ്രസിനെതിരെ വിമർശനവുമായി അഖിലേഷ് യാദവ്

ന്യൂഡൽഹി: കോൺഗ്രസിനെതിരെ വീണ്ടും വിമർശനവുമായി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. കോൺഗ്രസ് കുതന്ത്രങ്ങളുടെ പാർട്ടിയാണെന്നും വോട്ടിനായാണ് പാർട്ടി ജാതി സെൻസസ് വേണമെന്ന് ആവശ്യപ്പെടുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു. മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇരു പാർട്ടികളും തമ്മിൽ വാക്കേറ്റം തുടരുന്നതിനിടെയാണ് കോൺഗ്രസിനെതിരെ വീണ്ടും വിമർശനവുമായി അഖിലേഷ് യാദവ് രംഗത്തെത്തിയിരിക്കുന്നത്.

"ആർക്കും ഒന്നും റേഷനായി ലഭിക്കുന്നില്ല. പിന്നെ എന്തിനാണ് ബി.ജെ.പിയെ ജയിപ്പിക്കുന്നത്? കോൺഗ്രസിനും വോട്ട് ചെയ്യരുത്. കോൺഗ്രസ് ചതിയുടെയും കുതന്ത്രങ്ങളുടെയും പാർട്ടിയാണ്. കോൺഗ്രസിന് ഞങ്ങളെ ചതിക്കാമെങ്കിൽ ആരെയും ചതിക്കാനാകും. അവരുടെ വോട്ട് അടിത്തറ ബി.ജെ.പിയയിലേക്ക് മാറിക്കഴിഞ്ഞു. വോട്ടിന് വേണ്ടിയാണ് അവർ ജാതി സെൻസസ് ആവശ്യപ്പെടുന്നത്" - അഖിലേഷ് യാദവ് പറഞ്ഞു.

മധ്യപ്രദേശിൽ തങ്ങൾക്കെതിരെ നടന്നത് ചതിയാണെന്നും ഇത്തരം ആശയക്കുഴപ്പങ്ങൾ നിലനിന്നാൽ ഒരിക്കലും ബി.ജെ.പിയെ തുരത്തി മുന്നേറാൻ ഇൻഡ്യക്കാവില്ലെന്നും യാദവ് നേരത്തെ പറഞ്ഞിരുന്നു.

പ്രാദേശിക തെരഞ്ഞെടുപ്പുകൾക്കല്ല ദേശീയ രാഷ്ട്രീയത്തിനാണ് ഇൻഡ്യ സഖ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശിൽ സമാജ് വാദി പാർട്ടിക്ക് കോൺഗ്രസ് സീറ്റ് നിഷേധിച്ചത്. കോൺഗ്രസ് തങ്ങളെ കബളിപ്പിച്ചതാണെന്നായിരുന്നു ഇതിന് പിന്നാലെ യാദവിന്‍റെ പ്രതികരണം.

കഴിഞ്ഞ ദിവസം സഖ്യത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഇൻഡ്യ സഖ്യത്തിലെ സഹകരണത്തിൽ കോൺഗ്രസിന്‍റെ ശ്രദ്ധ തെരഞ്ഞെടുപ്പിൽ മാത്രമാണെന്നും സഖ്യം സ്തംഭിച്ച നിലയിലായെന്നുമായിരുന്നു നിതീഷ് കുമാറിന്‍റെ വിമർശനം.

Tags:    
News Summary - Congress a cunning party says Akhilesh Yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.