ഇംഫാല്‍: മണിപ്പൂരില്‍ ആര് സര്‍ക്കാറുണ്ടാക്കുമെന്ന അനിശ്ചിതത്വം നിലനില്‍ക്കെ പ്രധാന പാര്‍ട്ടികളായ കോണ്‍ഗ്രസും ബി.ജെ.പിയും പോര് തുടങ്ങി. തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്ന സ്വതന്ത്ര എം.എല്‍.എ അസബുദ്ദീനെ ബി.ജെ.പി തട്ടിക്കൊണ്ടുപോയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നതോടെ സര്‍ക്കാര്‍ രൂപവത്കരണം നാടകീയതയിലേക്ക് നീങ്ങുകയാണ്. മറ്റുള്ളവരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബി.ജെ.പിക്ക് സാധിക്കുമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാംമാധവ് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാലയാണ് ട്വിറ്ററിലൂടെ തട്ടിക്കൊണ്ടുപോകല്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ‘സി.ഐ.എസ്.എഫിനെയും വിമാനത്താവള ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് അസബുദ്ദീനെ ബി.ജെ.പി കൊല്‍ക്കത്തയിലേക്ക് കടത്തി’ എന്നാണ് സുര്‍ജെവാലയുടെ ട്വീറ്റ്. കോണ്‍ഗ്രസ് മന്ത്രി ഷാ നാസറിനൊപ്പം ഗുവാഹതിയില്‍നിന്ന് ഇംഫാല്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ അസബുദ്ദീനെ കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് സുര്‍ജെവാല ആരോപിച്ചു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപവത്കരിക്കണമെങ്കില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും പ്രാദേശിക പാര്‍ട്ടികളുടെയോ സ്വതന്ത്രന്‍െറയോ പിന്തുണ വേണം.
60 അംഗ സഭയില്‍ 31 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. 28 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കോണ്‍ഗ്രസിന് ഇതുവരെ മറ്റാരുടെയും പിന്തുണ ലഭിച്ചിട്ടില്ല. 21 സീറ്റ് നേടിയ ബി.ജെ.പിക്ക് നാല് സീറ്റുകളുള്ള നാഷനല്‍ പീപ്ള്‍സ് പാര്‍ട്ടിയും ഒരു സീറ്റുള്ള ലോക് ജന്‍ശക്തി പാര്‍ട്ടിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാല് സീറ്റുള്ള നാഗ പീപ്ള്‍സ് ഫ്രണ്ട് കോണ്‍ഗ്രസ് ഒഴികെ ഏത് പാര്‍ട്ടിയെയും പിന്തുണക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.