ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ വിവിധ മന്ത്രാലയങ്ങളിലെ ഉന്നത തസ്തികകളിൽ ലാറ്ററൽ എൻട്രി രീതിയിൽ നിയമനം നടത്തുന്നതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. സംവരണം അട്ടിമറിച്ച് ഉന്നത തസ്തികകൾ ആർ.എസ്.എസിന് നൽകാനുള്ള ഗൂഢ നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആരോപിച്ചു. അതേസമയം, യു.പി.എ സർക്കാർ ആവിഷ്കരിച്ച രീതിയാണ് തങ്ങൾ പിന്തുടരുന്നതെന്ന മറുവാദവുമായി സർക്കാറും രംഗത്തെത്തി.
പട്ടിക വിഭാഗങ്ങൾ, ഒ.ബി.സി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവരുടെ അവകാശങ്ങൾ ഇല്ലാതാക്കി ആർ.എസ്.എസുകാരെ നിയമിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. പ്രത്യേക മേഖലകളിൽ വിദഗ്ധരായവരെ നിയമിച്ച് ഭരണം കുടുതൽ മെച്ചപ്പെടുത്താനാണ് യു.പി.എ സർക്കാർ ലാറ്ററൽ എൻട്രി രീതി നടപ്പാക്കിയത്. എന്നാൽ, ബി.ജെ.പിയുടെ ലക്ഷ്യം വിദഗ്ധരെ നിയമിക്കുകയല്ല, പിൻവാതിലിലൂടെ ആർ.എസ്.എസുകാരെ ഉന്നത സ്ഥാനങ്ങളിൽ കൊണ്ടുവരലാണ്.
ഭരണഘടനക്കുമേലുള്ള ആക്രമണമാണ് ബി.ജെ.പി നടത്തുന്നത്. വിവിധ സർക്കാർ വകുപ്പുകളിലെ ഒഴിവുകൾ നികത്തുന്നതിന് പകരം 10 വർഷത്തിനിടെ, പൊതുമേഖല സ്ഥാപനങ്ങളിലെ സർക്കാർ ഓഹരി വിറ്റഴിച്ചതുവഴി 5.1 ലക്ഷം തസ്തികകൾ ഇല്ലാതാക്കുകയാണ് ബി.ജെ.പി ചെയ്തത്. സംവരണം തട്ടിയെടുത്ത് ഭരണഘടന തിരുത്താനുള്ള ബി.ജെ.പിയുടെ ചക്രവ്യൂഹമാണ് ഇതെന്നും ഖാർഗെ കുറ്റപ്പെടുത്തി.
ജോ. സെക്രട്ടറിമാർ, ഡയറക്ടർമാർ, ഡെപ്യൂട്ടി സെക്രട്ടറിമാർ എന്നിവരുടെ 45 തസ്തികകളിലേക്ക് യൂനിയൻ പബ്ലിക് സർവിസ് കമീഷൻ (യു.പി.എസ്.സി) ശനിയാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് വിവാദം ഉടലെടുത്തത്.
കോൺഗ്രസ് ഇപ്പോൾ നടത്തുന്ന വിമർശനം കാപട്യമാണെന്നും യു.പി.എ സർക്കാർ കൊണ്ടുവന്ന പദ്ധതി തങ്ങൾ സുതാര്യമായി നടപ്പാക്കുകയാണെന്നും വാർത്ത വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.