കത്തെഴുതിയവരെ ഒഴിവാക്കി യു.പി കോൺഗ്രസ് കമ്മിറ്റിയിൽ അഴിച്ചുപണി; പ്രിയങ്കയുടെ അടുപ്പക്കാർക്ക് മുൻതൂക്കം

ലക്‌നോ: ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി പുനസംഘടിപ്പിച്ചു. വിമതസ്വരമുയര്‍ത്തി സോണിയ ഗാന്ധിക്ക് കത്തയച്ച നേതാക്കളെ മാറ്റിനിര്‍ത്തിയാണ് കമ്മിറ്റികൾ പുനസംഘടിപ്പിച്ചത്. ഏഴ് കമ്മിറ്റികള്‍ക്കാണ് ഞായറാഴ്ച കോണ്‍ഗ്രസ് രൂപം നല്‍കിയത്. പ്രിയങ്ക ഗാന്ധിക്ക് അടുപ്പമുള്ള നേതാക്കളെയാണ് കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് സൂചന.

മുതിര്‍ന്ന നേതാക്കളായ രാജ് ബബ്ബാര്‍, ജിതിന്‍ പ്രസാദ എന്നിവരെ തെരഞ്ഞെടുപ്പ് കമ്മിറ്റിയിലേക്ക് പരിഗണിച്ചില്ല. ഇരുവരും കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിയ്ക്ക് കത്തയച്ചിരുന്നു. മുന്‍ കേന്ദ്രമന്ത്രി ആര്‍.പി.എന്‍ സിംഗിനും കമ്മിറ്റിയില്‍ ഇടം കണ്ടെത്താനായില്ല.

തെരഞ്ഞെടുപ്പ് പ്രകടനപത്രിക, മെമ്പർഷിപ്പ്, മീഡിയ, പരിപാടികൾ; നടപ്പാക്കൽ തുടങ്ങിയവക്കുള്ള സമിതികളാണ് രൂപീകരിച്ചിട്ടുള്ളത്. മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദിന്റെ നേതൃത്വത്തിലാണ് പ്രകടനപത്രിക സമിതി, റാഷിദ് ആൽവിയാണ് മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഉപദേശക സമിതി. അനുരാഗ് നാരായന്‍ണൻ സിങിന്റെ നേതൃത്വത്തിലാണ് മെമ്പർഷിപ്പ് സമിതി, പഞ്ചായത്ത് രാജ് തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് രാജേഷ് മിശ്ര നേതൃത്വം നൽകുന്നു. ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ്കുമാർ ലല്ലു എല്ലാ സമിതികളുടേയും മേൽനോട്ടം വഹിക്കും.

അതേസമയം മറ്റ് ചുമതലകള്‍ നല്‍കിയതിനാലാണ് നേതാക്കളെ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന വിശദീകരണം.

നേരത്തെ കോണ്‍ഗ്രസിന്‍റെ ലോക്‌സഭാ പാനലിൽ നിന്നും വിമതസ്വരമുയര്‍ത്തിയശശി തരൂർ, മനീഷ് തിവാരി എന്നിവരെ മാറ്റിനിർത്തിയെന്ന് ആരോപണം ഉണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.