ന്യൂഡൽഹി: ഞായറാഴ്ച വോട്ടെണ്ണൽ നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിലും നിരീക്ഷകരെ നിയമിച്ച് കോൺഗ്രസ്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് രാജസ്ഥാൻ, തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിരീക്ഷകരെ നിയമിച്ചത്. പല സംസ്ഥാനങ്ങളിലും ബി.ജെ.പിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നു.
രാജസ്ഥാനിൽ മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, മുതിർന്ന പാർട്ടി നേതാവ് മധുസൂദൻ മിസ്‍ട്രി, മുകുൾ വാസ്നിക്, ഷക്കീൽ അഹമ്മദ് ഖാൻ എന്നിവരാണ് നിരീക്ഷകർ. തെലങ്കാനയിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, ദീപ ദാസ് മുൻഷി, അജോയ് കുമാർ, കെ.മുരളീധരൻ, കെ.ജി ജോർജ് എന്നിവരാണ് നിരീക്ഷകർ.
ഛത്തീസ്ഗഢിൽ കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ, രമേശ് ചെന്നിത്തല, പ്രീതം സിങ് എന്നിവരാണ് നിരീക്ഷകർ. മധ്യപ്രദേശിൽ പാർട്ടി നേതാക്കളായ ആദിർ രഞ്ജൻ ചൗധരി, പൃഥ്വിരാജ് ചവാൻ, രാജീവ് ശുക്ല, ചന്ദ്രകാന്ത് ഹാൻഡോർ എന്നിവരാണ് നിരീക്ഷകർ.
പ്രാദേശിക സാഹചര്യങ്ങളാണ് നിയമസഭ തെരഞ്ഞെടുപ്പിൽ പ്രധാനമെങ്കിലും ദേശീയ നേതാക്കൾ മുന്നിട്ടിറങ്ങിയ തെരഞ്ഞെടുപ്പു പ്രചാരണമാണ് ഇന്ന് വോട്ടെണ്ണൽ നടക്കുന്ന നാല് സംസ്ഥാനങ്ങളിലും നടന്നത്. ബി.ജെ.പി ഒരുവശത്തും പ്രതിപക്ഷ പാർട്ടികൾ ഇൻഡ്യയുടെ ബാനറിൽ മറുവശത്തും നിൽക്കുന്നതിനിടയിൽ പുറത്തുവരുന്ന ഫലം, ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള പ്രവണതകൾ രൂപപ്പെടുത്തുന്നതിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.
15 വർഷമായി ഭരിക്കുന്ന മധ്യപ്രദേശിൽ നാലാമൂഴം തേടുകയാണ് ബി.ജെ.പി. ഹിന്ദി ഹൃദയഭൂമിയിലെ പ്രധാന സംസ്ഥാനങ്ങളിലൊന്നായ മധ്യപ്രദേശിൽ ബി.ജെ.പിയെ താഴെയിറക്കിയാൽ പ്രതിപക്ഷനിരക്ക് വിശ്വാസ്യത നൽകി ലോക്സഭ തെരഞ്ഞെടുപ്പിനെ മുന്നിൽനിന്ന് നയിക്കാൻ കരുത്തു നേടാമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. തുടർഭരണത്തിനുവേണ്ടി കോൺഗ്രസും പതിവുപോലെ ഭരണമാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ബി.ജെ.പിയും നിൽക്കുന്ന രാജസ്ഥാനിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.
തെലങ്കാനയിൽ നഷ്ടപ്രതാപം വീണ്ടെടുത്ത് അധികാരം പിടിക്കാമെന്ന കോൺഗ്രസ് പ്രതീക്ഷകൾക്കിടയിൽ, മൂന്നാമൂഴത്തിന് ശ്രമിക്കുന്ന ബി.ആർ.എസിന് വെല്ലുവിളികൾ പലതാണ്. ഛത്തിസ്ഗഢിൽ മെച്ചപ്പെട്ട പ്രവർത്തനം വഴി ഭരണത്തുടർച്ച നേടാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.