ന്യൂഡൽഹി: ഭരണകക്ഷിയായ ബി.ജെ.പി നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇ.ഡി പോലുള്ള അന്വേഷണ ഏജൻസികളെ റെയ്‌ഡുകൾക്കായി ദുരുപയോഗം ചെയ്യുന്നതിൽ ഇടപെടണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് കോൺഗ്രസ്.
ഇത് വളരെ ഗൗരവമുള്ള വിഷയമാണെന്നും ജനാധിപത്യം സുരക്ഷിതമല്ലെന്നും ഛത്തീസ്ഗഢിലേയും മറ്റും പ്രശ്നത്തിൽ ബി.ജെ.പി നിരന്തരമായി ആക്രമിക്കുകയാണെന്നും കോൺഗ്രസ് നേതാവ് അഭിഷേക് സിങ്വി പറഞ്ഞു. വിഷയത്തിൽ ഇലക്ഷൻ കമീഷനോട് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും നടപടിയെടുക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഢ് പൊലീസ് 18 മാസം മുമ്പാണ് അന്വേഷണം ആരംഭിച്ചത്. ഏകദേശം 500 അറസ്റ്റുകൾ നടന്നു. നൂറുകണക്കിന് മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, അകൗണ്ടുകൾ എന്നിവ കണ്ടെടുത്തു. ചില ആളുകളെ അറസ്റ്റ് ചെയ്യണമെന്ന് പോലും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. പക്ഷെ അന്ന് കേന്ദ്ര സർക്കാർ ഒന്നും ചെയ്തില്ലെന്ന് അഭിഷേക് സിങ്വി പറഞ്ഞു. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നത് കൊണ്ട് ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കാനുള്ള വിലകുറഞ്ഞ ശ്രമത്തെ അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫോറൻസിക് വിശകലനവും ഒരു 'ക്യാഷ് കൊറിയർ' നടത്തിയ പ്രസ്താവനയും മഹാദേവ് വാതുവെപ്പ് ആപ്പിന്റെ പ്രമോട്ടർമാർ ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്ക് 508 കോടി രൂപ നൽകിയെന്ന ആരോപണങ്ങൾക്ക് കാരണമായതെന്ന് ഇ.ഡി അവകാശപ്പെട്ടിരുന്നു.
ഒരു അന്വേഷണവും നടത്താതെയാണ് തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞത്. ബി.ജെ.പിക്ക് ഛത്തീസ്ഗഢിൽ പരാജയപ്പെടുമെന്ന ഭയമാണ്. അതുകൊണ്ടാണ് ഇ.ഡിയേയും ആദായനികുതി വകുപ്പിനേയും ഇറക്കി കളിക്കുന്നതെന്നും ഇ.ഡിക്കാണ് പ്രധാന വേഷമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.