ന്യൂഡൽഹി: മുൻമന്ത്രി കപിൽ സിബലിനോട് ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും മാറിനിക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടതായി സൂചന. ബാബരി മസ്ദിദ് കേസിൽ കപിൽ സിബലിന്‍റെ വാദങ്ങൾ തിരിച്ചടിയായേക്കുമെന്ന് കോൺഗ്രസ് ഭയക്കുന്നതുകൊണ്ടാണ് മാറിനിൽക്കാൻ ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്.
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചാണ് ബി.ജെ.പി പ്രവർത്തിക്കുന്നത്. തങ്ങൾ സാമുദായിക ധ്രുവീകരണം ലക്ഷ്യമാക്കി വോട്ടുകൾ തേടുന്നില്ലെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
അയോധ്യ വിഷയത്തിൽ കോടതിയിൽ സിബൽ സ്വീകരിച്ച നിലപാട് വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. 2019വരെ വിചാരണ നീട്ടിവെക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം. അയോധ്യ തർക്കത്തെ കോൺഗ്രസ് രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് ഇതോടെ ബി.ജെ.പി വിമർശനമുയർത്തി.
ബുധനാഴ്ച ഗുജറാത്തിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കപിൽ സിബലിനെതിരെ രൂക്ഷ വിമർശനമുയർത്തി. കോൺഗ്രസ് എം.പിയായ കപിൽ സിബലാണ് ബാബരി മസ്ജിദ് കേസിൽ സുന്നി വഖഫ് ബോർഡിന് വേണ്ടി ഹാജരായത്. അദ്ദേഹം 2019വരെ വാദംകേൾക്കൽ നീട്ടിവെക്കണമെന്നാവശ്യപ്പെടുന്നത് ശരിയാണോ? രാംമന്ദിറിനെ തെരഞ്ഞടുപ്പുമായി അദ്ദേഹം ബന്ധപ്പെടുത്തുന്നതെന്തിനാണ്? രാം മന്ദിർ വിഷയം കോൺഗ്രസ് രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്നും മോദി പറഞ്ഞു.
നേരത്തേ പാട്ടിദാർ അൻമത്ത് ആന്ദേളൻ സമിതിയുമായുള്ള ചർച്ചകളിൽ നേതൃപരമായ പങ്കുവഹിച്ചയാളായിരുന്നു കപിൽ സിബൽ.
സുന്നി വഖഫ് ബോർഡിന് വേണ്ടി ഹാജരായ കപിൽ സിബൽ 2019ലെ പൊതുതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേസിലെ വാദം കേൾക്കൽ മാറ്റിവെക്കണമെന്നായിരുന്നു സുപ്രീംകോടതിയിൽ വാദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.