അലീഗഢ്: അലീഗഢ് സിറ്റി നിയോജക മണ്ഡലത്തിൽ നാമനിർദേശ പത്രിക നൽകിയ കോൺഗ്രസ് സ്ഥാനാർഥിയും അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി മുൻ വിദ്യാർഥി യൂനിയൻ അധ്യക്ഷനുമായ സൽമാൻ ഇംതിയാസിനെതിരെ ഗുണ്ട നിയമപ്രകാരം കേസ്. നഗരത്തിന്റെ സുരക്ഷക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള അഡീഷനൽ ജില്ല മജിസ്ട്രേറ്റിന്റെ ഉത്തരവ് പൊലീസ് വീട്ടുചുമരിൽ പതിക്കുകയായിരുന്നു. അലീഗഢിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുമുണ്ട്.
വിദ്യാർഥി നേതാവായിരിക്കെ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതാണ് കുറ്റം. സമാന ഉത്തരവ് മറ്റ് വിദ്യാർഥി നേതാക്കൾക്കും മുമ്പ് ലഭിച്ചിരുന്നു. 2020ൽ സമാന ഉത്തരവ് ലഭിച്ച ഇംതിയാസ് അത് റദ്ദാക്കണമെന്ന് ഹരജി നൽകിയിരുന്നു. ഇതിന് ഒരു ഔദ്യോഗിക വിശദീകരണവും നൽകിയില്ലെന്ന് ഇംതിയാസ് ചൂണ്ടിക്കാട്ടി. ഹരിദ്വാറിലെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം അയച്ചത് ഈയിടെയാണ്. അലീഗഢിലെ ധർമ സൻസദിനെ എതിർക്കുകയും ഇത് പിന്നീട് മാറ്റിവെക്കുകയും ചെയ്തിരുന്നു. ബി.ജെ.പിയാണ് ഇതിനു പിന്നിലെന്നും ഉത്തരവിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് ജില്ല അധ്യക്ഷൻ സന്തോഷ് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.