ലഖ്നോ: സമാജ്വാദി പാർട്ടി സ്ഥാനാർഥിയായ പത്നി പൂനം സിൻഹക്കൊപ്പം താൻ നിന്നപോ ലെ, കോൺഗ്രസ് സ്ഥാനാർഥിയായ തനിക്കൊപ്പം പത്രിക നൽകാൻ പൂനവും ഉണ്ടാകുമെന്ന് ശത്രുഘൻ സിൻഹ. ഉത്തർപ്രദേശിലെ ലഖ്നോവിൽ പത്രിക നൽകിയ പൂനത്തിനൊപ്പം നിന്ന് ‘പതി ധർമം’ പാലിച്ച തന്നോടുള്ള ‘പത്നി ധർമം’ പൂനവും പാലിക്കുമെന്ന്, ബിഹാറിലെ പട്ന സാഹിബിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്ന സിറ്റിങ് എം.പി ശത്രുഘൻ സിൻഹ പറഞ്ഞു.
എതിർ പാർട്ടിയിലെ സ്ഥാനാർഥിക്കുവേണ്ടി പത്രികാ സമർപ്പണവേളയിലും തുടർന്നുള്ള റോഡ്ഷോയിലും പെങ്കടുത്ത ശത്രുഘനെതിരെ ലഖ്നോവിലെ കോൺഗ്രസ് സ്ഥാനാർഥി വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയപ്പോഴാണ്, എപ്പോഴും കുറിക്കുകൊള്ളുന്ന വാചകശരങ്ങൾ തൊടുക്കാറുള്ള ശത്രു, പതി-പത്നി ധർമം കൊണ്ട് വിമർശനങ്ങളെ പ്രതിരോധിച്ചത്.
ലഖ്നോവിൽ മേയ് ആറിനാണ് വോെട്ടടുപ്പ്. അവസാനഘട്ടമായ മേയ് 19ന് പോളിങ് നടക്കുന്ന പട്ന സാഹിബിൽ കേന്ദ്ര മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ രവിശങ്കർ പ്രസാദിനെയാണ്, ബോളിവുഡ് മുൻനായകൻ നേരിടുന്നത്.
എസ്.പി സ്ഥാനാർഥിക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയ ശത്രുവിെൻറ നടപടി സൂചിപ്പിക്കുന്നത്, കോൺഗ്രസിൽ ചേർന്നെങ്കിലും ആർ.എസ്.എസിൽനിന്ന് രാജിവെച്ചിട്ടില്ല എന്നാണെന്ന ലഖ്നോവിലെ കോൺഗ്രസ് സ്ഥാനാർഥി പ്രമോദ് കൃഷ്ണെൻറ വിമർശനത്തെ പറ്റി ചോദിച്ചപ്പോൾ, താനൊരിക്കലും ആർ.എസ്.എസുകാരനായിരുന്നില്ല എന്നായിരുന്നു മറുപടി. ‘‘ഞാനും യശ്വന്ത് സിൻഹയും ഒരിക്കലും ആർ.എസ്.എസ് ആയിരുന്നില്ല. നാനാജി ദേശ്മുഖ് വഴിയാണ് ഞാൻ ബി.ജെ.പിയിൽ എത്തിയതെന്നും ഒാർക്കണം’’ -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.