കർണാടക മുഖ്യമന്ത്രി: തീരുമാനം പാർട്ടി അധ്യക്ഷന് വിട്ട് നിയമസഭ കക്ഷിയോഗം; സിദ്ധരാമയ്യക്ക് സാധ്യത

ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ തകർപ്പൻ ജയം നേടിയ കോൺഗ്രസ്, മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചുമതല അധ്യക്ഷന് വിട്ടു. മുഖ്യമന്ത്രി ആരെന്ന് എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ തീരുമാനിക്കുമെന്ന് ബംഗളൂരുവിൽ ചേർന്ന നിയമസഭ കക്ഷി യോഗത്തിൽ പ്രമേയം പാസാക്കി.

പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കുമെന്ന സൂചനകൾക്കിടെ പാർട്ടി അധ്യക്ഷൻ ഡി.കെ. ശിവകുമാറിനു വേണ്ടിയും മുറവിളി ഉയർന്നതോടെയാണ് ബംഗളൂരു ഷാംഗ്രില ഹോട്ടലിൽ ചേർന്ന യോഗം തീരുമാനം പാർട്ടി ഹൈകമാൻഡിന് വിട്ടത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അധ്യക്ഷതയിൽ, ഹൈകമാൻഡ് നിരീക്ഷകരായി നിയോഗിച്ച മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെ, നേതാക്കളായ ജിതേന്ദ്ര സിങ്, ദീപക് ബബരിയ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

സിദ്ധരാമയ്യയാണ് പുതിയ നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കണമെന്ന് ഹൈകമാൻഡിനോട് ആവശ്യപ്പെടുന്ന ഒറ്റവരി പ്രമേയം അവതരിപ്പിച്ചത്. യോഗത്തിനുമുമ്പ് എം.എൽ.എമാരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയ കേന്ദ്ര നിരീക്ഷകർ യോഗത്തിനുശേഷം പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുമായി വ്യക്തിഗത കൂടിക്കാഴ്ച നടത്തിയ ശേഷമാവും റിപ്പോർട്ട് തയാറാക്കുക. തീരുമാനം ഹൈകമാൻഡിന് വിട്ടെന്നും ഞായറാഴ്ച രാത്രിതന്നെ തുടർചർച്ച നടത്തുമെന്നും കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയും കെ.സി. വേണുഗോപാലും യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പാർട്ടി ജനങ്ങൾക്ക് നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുമെന്ന് എം.എൽ.എമാർ യോഗത്തിൽ പ്രതിജ്ഞയെടുത്തു. പാർട്ടിയെ അധികാരത്തിലെത്തിച്ചതിന് 6.5 കോടി കന്നടിഗർക്ക് നന്ദി അറിയിച്ചുള്ള പ്രമേയം സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാർ അവതരിപ്പിച്ചു. യോഗം നടന്ന ഹോട്ടലിനു മുന്നിൽ ഇന്നലെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ശിവകുമാറിന്റെ വസതിക്കു മുന്നിലും ഹോട്ടലിനു മുന്നിലും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് അണികൾ മുദ്രാവാക്യം മുഴക്കി.

Tags:    
News Summary - Congress Chief To Decide Who Will Be Next Karnataka Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.