ന്യൂഡൽഹി: വരുന്ന പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-സി.പി.എം സഖ്യത്തിന് ഹൈക്കമാൻഡിന്‍റെ അംഗീകാരം. ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയാണ് ഇക്കാര്യമറിയിച്ചത്.
ബംഗാളിൽ കോൺഗ്രസുമായുള്ള സഖ്യത്തിന് സി.പി.എം കേന്ദ്ര കമ്മിറ്റി ഒക്ടോബറിൽ അംഗീകാരം നൽകിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അടക്കമുള്ള മതേതര പാർട്ടികളുമായി സഹകരിക്കാനായിരുന്നു കേന്ദ്ര കമ്മിറ്റി തീരുമാനം.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യം വേണമെന്ന് സി.പി.എം ബംഗാൾ ഘടകം ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര കമ്മിറ്റി അനുമതി നൽകിയില്ല. അന്നത്തെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 44 സീറ്റിലും സി.പി.എം 26 സീറ്റിലും മാത്രമാണ് വിജയിച്ചത്.
2021 ഏപ്രിൽ/ മാർച്ച് മാസങ്ങളിൽ 294 നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. മമത ബാനർജി നേതൃത്വത്തിൽ അധികാര തുടർച്ച ഉണ്ടാവുമെന്നാണ് തൃണമൂൽ കോൺഗ്രസ് അവകാശപ്പെടുന്നത്. ബംഗാളിൽ ഭരണം പിടിക്കുമെന്നാണ് ബി.ജെ.പി പ്രഖ്യാപനം. 2016ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മൂന്നും മറ്റുള്ളവർ പത്തും സീറ്റുകൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.