ന്യൂഡൽഹി: ബി.ജെ.പിയുടെയും പ്രാദേശിക കക്ഷികളുടെയും മുന്നേറ്റത്തിനു മുന്നിൽ നട്ടെല്ലു തകർന്ന് കോൺഗ്രസ്. പ്രധാന പ്രതിപക്ഷ പാർട്ടിയുടെ കരുത്തിനും ഭാവിക്കും നേതൃപാടവത്തിനും തെരഞ്ഞെടുപ്പു തന്ത്രങ്ങൾക്കും മുന്നിൽ വലിയ ചോദ്യചിഹ്നം വരക്കുന്നതാണ് അഞ്ചിടത്തെ ഫലം. പഞ്ചാബിൽ നിന്നു കൂടി പുറത്തായതോടെ, രാജസ്ഥാനിലും ഛത്തിസ്ഗഢിലും മാത്രം അധികാരമുള്ള പാർട്ടിയായി കോൺഗ്രസ് മാറി. ലോക്സഭ തെരഞ്ഞെടുപ്പു വേളയിൽ പ്രതിപക്ഷ നേതൃസ്ഥാനം മറ്റുള്ളവർ വകവെച്ചു കൊടുക്കാനും ഇനി പ്രയാസം.
പാർട്ടി ഹൈകമാൻഡായ നെഹ്റുകുടുംബത്തിൽനിന്ന് പ്രതീക്ഷാപൂർവം ഗോദയിൽ ഇറക്കിയ പ്രിയങ്ക ഗാന്ധി നയിച്ച യു.പി തെരഞ്ഞെടുപ്പിൽ ഒരു ചലനവും ഉണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. സീറ്റെണ്ണം ഏഴിൽ നിന്ന് രണ്ടു സീറ്റിലേക്ക് ചുരുങ്ങി. രാഹുൽ ഗാന്ധിക്ക് പറ്റില്ലെങ്കിൽ പ്രിയങ്ക ഗാന്ധി പാർട്ടിയെ നയിക്കട്ടെയെന്ന ചർച്ച പാർട്ടിക്കുള്ളിൽ വർധിച്ചു വരുന്നതിനിടയിലാണ് ഈ തിരിച്ചടി.
ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പേ പ്രിയങ്കയെ യു.പി ചുമതല ഏൽപിച്ചതാണ്. മുഖ്യമന്ത്രി സ്ഥാനാർഥിയാക്കുന്നതിനെക്കുറിച്ചും ചർച്ച നടന്നു. പ്രചാരണവുമായി യു.പിയുടെ മുക്കുമൂലകൾ വരെ പ്രിയങ്ക എത്തിയതാണ്. എന്നാൽ, ശോഷിച്ച പാർട്ടി സംവിധാനത്തിനു മുന്നിൽ കോൺഗ്രസ് തോറ്റമ്പി. മുന്നോട്ടുവെച്ച വികസന, വനിത പ്രമേയങ്ങളൊന്നും ഏശിയില്ല. ബി.ജെ.പി- സമാജ്വാദി പാർട്ടി പോരാട്ടത്തിൽ കോൺഗ്രസ് അപ്രധാനമായി. പതിറ്റാണ്ടുകൾ ഭരിച്ച സംസ്ഥാനത്ത് സമീപഭാവിയിലെങ്ങും തിരിച്ചുവരവിന് വഴിയില്ലെന്ന യാഥാർഥ്യത്തിനു മുന്നിലാണ് കോൺഗ്രസ്. ആം ആദ്മി പാർട്ടിക്ക് കഴിയുന്നതുപോലും ചെയ്യാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയരുന്നു.
വെറും കുറ്റിച്ചൂലായി കണ്ട ആം ആദ്മി പാർട്ടി ഡൽഹിക്കു പുറമെ പഞ്ചാബിൽ നിന്നും തങ്ങളെ തൂത്തെറിയുന്ന ദുരവസ്ഥയാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും മാരകമായ പരിക്ക്. തെരഞ്ഞെടുപ്പിനു രണ്ടു മാസം മാത്രം ബാക്കി നിൽക്കേ അമരീന്ദർസിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയടതക്കം വൈകിപ്പോയ തന്ത്രങ്ങളൊന്നും ഫലിച്ചില്ല.
അപ്രാപ്യനായ അമരീന്ദറിനെ ജനം തിരസ്കരിച്ചതു കൊണ്ട് മാറ്റം അനിവാര്യമായിരുന്നെങ്കിലും, പകരക്കാരനായ ചരൺജിത് സിങ് ചന്നിക്ക് നിർണായക തെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ ഒരുക്കാൻ സമയം കിട്ടിയില്ല. മറ്റു പലേടത്തുമെന്ന പോലെ, നേതൃത്വത്തിന്റെ പിടിപ്പുകേടിന്റെ വിലയാണ് പഞ്ചാബിലും കോൺഗ്രസ് ഒടുക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പറ്റിയ വീഴ്ച ആവർത്തിക്കാതെ കുതിരക്കച്ചവടം തടയാൻ നേതൃനിരയെ ഗോവക്കും ഉത്തരാഖണ്ഡിനും അയച്ചെങ്കിലും, അവർക്ക് വാൾ ഉറയിൽനിന്ന് എടുക്കേണ്ട ആവശ്യംപോലും ഉണ്ടായില്ല. കോൺഗ്രസിന്റെ പ്രകടനം അത്ര ദയനീയമായി.
രണ്ടു ഡസനിലേറെ സംസ്ഥാനങ്ങളിൽ അധികാരത്തിലുണ്ടായിരുന്ന പാർട്ടി ഒരു പതിറ്റാണ്ടിനിടയിൽ രണ്ടിടത്തേക്ക് ചുരുങ്ങിയതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് നേതൃതലത്തിലെ അനാഥാവസ്ഥയാണ്. രാഹുൽ ഗാന്ധിയും സഹായികളായ സംഘടന നേതാക്കളുമാണ് പ്രതിക്കൂട്ടിൽ. പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാതെ പിൻസീറ്റ് ഡ്രൈവിങ് തുടരുന്ന അദ്ദേഹം സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥയിൽ കോൺഗ്രസിലാകെ അമർഷമുണ്ട്. നെഹ്റുകുടുംബമല്ലാതെ പാർട്ടിയെ ആരു നയിച്ചിട്ടും കാര്യമില്ലെന്ന വാദഗതിയും ഈ അമർഷവും തമ്മിലുള്ള ഏറ്റുമുട്ടൽ നീണ്ടു പോകുന്നതിനൊപ്പം പാർട്ടി ശോഷിച്ചുവരുന്നു. അടിമുടി അഴിച്ചുപണി ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തെഴുതിയ ജി-23 സംഘത്തിന് തെരഞ്ഞെടുപ്പു ഫലം പുതിയ ആയുധമായി.
കൊഴിഞ്ഞുപോക്ക് കൂടുമെന്നും പാർട്ടിയിൽ പിളർപ്പ് തന്നെ നടന്നേക്കാമെന്നുമുള്ള ആശങ്കകളും ഒപ്പം ഉയരുകയാണ്. അതേസമയം, തോൽവിയിൽ നിന്ന് പാഠം ഉൾക്കൊള്ളുമെന്നും പ്രവർത്തക സമിതി ചേർന്ന് വിലയിരുത്തുമെന്നും പതിവുപോലെ പാർട്ടി പ്രതികരിച്ചു.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.