അമരാവതി: ഹോട്ടൽമുറിയിലിരുന്ന് മദ്യം കഴിക്കുന്നു എന്ന തരത്തിൽ കോൺഗ്രസ് നേതാവും എം.പിയുമായ കെ.സി. വേണുഗോപാലിന്റെ വിഡിയോ എക്സ് പ്ലാറ്റ്ഫോം വഴി പ്രചരിപ്പിച്ച സംഭവത്തിൽ പരാതി നൽകി. തീർത്തും തെറ്റായ പ്രചാരണമാണിതെന്നും കെ.സി. വേണുഗോപാൽ ഹോട്ടലിലിരുന്ന് മദ്യപിക്കുകയല്ലെന്നും കൈയിലുള്ളത് കട്ടൻ ചായയാണെന്നും കോൺഗ്രസ് വ്യക്തമാക്കി. എക്സിൽ പോസ്റ്റ് ചെയ്ത് ചിത്രം നിരവധി പേരെ തെറ്റിദ്ധരിപ്പിച്ചുവെന്നും പാർട്ടി സൂചിപ്പിച്ചു.
''@ ബിഫിറ്റിങ് ഫാക്റ്റ്സ് എന്ന പേരിൽ തെറ്റായൊരു വാർത്ത പ്രചരിക്കുകയുണ്ടായി. കട്ടൻ ചായ കുടിക്കുന്ന കെ.സി. വേണുഗോപാൽ ഹോട്ടലിലിരുന്ന് മദ്യപിക്കുകയാണ് എന്ന തരത്തിലായിരുന്നു അത്. അദ്ദേഹത്തിന്റെ പ്രതിഛായ തകർക്കാനുള്ള ശ്രമമാണിത്. ഇതിനെതിരെ ഹൈദരാബാദിലെ സൈബർ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. എഫ്.ഐ.ആറിന്റെ കോപ്പിയും ഇതോടൊപ്പമുണ്ട്. വ്യാജ വാർത്തകൾ ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ല. ഇതിന്റെ പിന്നിൽ ആരായാലും ശിക്ഷിക്കപ്പെടണം.''-എന്നാണ് കോൺഗ്രസ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ വിശദീകരിച്ചത്.
കെ.സി. വേണുഗോപാലിന്റെ ചിത്രം പങ്കുവെച്ച @ബിഫിറ്റിങ് ഫാക്ട്സ്,റസ്റ്റാറന്റിന് മദ്യം വിൽക്കാനുള്ള ലൈസൻസില്ലെന്നും പിന്നെ എങ്ങനെയാണ് കോൺഗ്രസ് നേതാവിന് മദ്യം നൽകിയതെന്നും കേരള പൊലീസിനെ ടാഗ് ചെയ്തുകൊണ്ട് സൂചിപ്പിച്ചിരുന്നു.
പാർട്ടിക്കെതിരെ നിരന്തരം വാർത്ത നൽകുന്ന പോർട്ടലുകൾക്കും വാർത്ത വെബ്സൈറ്റുകൾക്കുമെതിരെ കോൺഗ്രസ് ശക്തമായി രംഗത്തുവന്നിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ എക്സിറ്റ് പോളുകൾ തെറ്റിപ്പോയതിൽ രാഹുൽ ഗാന്ധി മാധ്യമങ്ങളെ വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.