ന്യൂഡൽഹി: 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ വിശാല സഖ്യം വേണമെന്ന് കോൺഗ്രസ് വിട്ടുപോയ കപിൽ സിബൽ. വിശാല സഖ്യമുണ്ടാക്കണമെങ്കിൽ പ്രതിപക്ഷ കക്ഷികൾ പരസ്പരം ആദർശപരമായ വിമർശനം നടത്തുന്നത് കരുതലോടെയാകണമെന്നും കപിൽ സിബൽ എം.പി ആവശ്യപ്പെട്ടു.
കോൺഗ്രസ് ഹൈകമാൻഡിനെതിരെ വിമർശനവുമായി വന്ന് പാർട്ടി വിട്ട് സമാജ്വാദി പാർട്ടി പിന്തുണയോടെ സ്വതന്ത്രനായി രാജ്യസഭയിലെത്തിയ കപിൽ സിബൽ വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ഈ ആവശ്യമുന്നയിച്ചത്. പ്രതിപക്ഷത്തെ നയിക്കുന്ന മുഖമേത് എന്ന ചോദ്യത്തിനുപോലും പ്രസക്തിയില്ല.
അടൽ ബിഹാരി വാജ്പേയിക്കെതിരെ 2004ൽ പ്രതിപക്ഷം ജയം നേടുമ്പോൾ ഒരു മുഖമുണ്ടായിരുന്നില്ല. അദാനി ഗ്രൂപ്പിനെ പിന്തുണച്ച് എൻ.സി.പി നേതാവ് ശരദ് പവാർ നടത്തിയ പ്രസ്താവന പ്രതിപക്ഷ ഐക്യത്തിൽ ഭിന്നതയുണ്ടാക്കുമെന്ന അഭിപ്രായത്തോട് സിബൽ പൂർണമായും യോജിച്ചില്ല.
വിഷയങ്ങളെ ഇടുങ്ങിയ ചിന്താഗതിയോടെ സമീപിച്ചാൽ പാർട്ടികൾക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ടാകും. ഇടുങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യാത്ത വിശാല സമവായമാണ് വേണ്ടത്. പാർട്ടികൾക്ക് വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ടാകും.
ഇന്ത്യയിലെ ചങ്ങാത്ത മുതലാളിത്തത്തെ കുറിച്ച് രാഹുൽ ഗാന്ധിക്കുള്ള നിലപാടായിരിക്കില്ല ശരദ് പവാറിന്. ഒരു വ്യക്തിയെ കുറിച്ച് രാഹുൽ ഗാന്ധിക്കും ശരദ് പവാറിനും വ്യത്യസ്ത കാഴ്ചപ്പാടാകാമെന്നും സിബൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.