ന്യൂഡൽഹി: 2002ലെ ഗുജറാത്ത് വംശഹത്യയിൽ കൂട്ടബലാത്സംഗവും കൂട്ടക്കൊലയും നടത്തിയതിന് ലഭിച്ച ശിക്ഷയിലെ ഇളവ് റദ്ദാക്കിയ വിധിക്കെതിരെ ബിൽക്കീസ് ബാനു കേസിലെ കുറ്റവാളികൾ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളുമെന്നുകണ്ട് പിൻവലിച്ചു. ഇതോടെ, ശിക്ഷ തീരും മുമ്പ് ജയിൽമോചനത്തിന് ഒരിക്കൽ കൂടി കുറ്റവാളികൾ നടത്തിയ നീക്കം വിഫലമായി.
സുപ്രീംകോടതിയിലെ ഒരു ബെഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരെ മറ്റൊരു ബെഞ്ചിനെ എങ്ങനെ സമീപിക്കുമെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കുമാർ എന്നിവരടങ്ങുന്ന ബെഞ്ച് ചോദിച്ചു. ഹരജി തള്ളുമെന്നു കൂടി ബെഞ്ച് വ്യക്തമാക്കിയതോടെ കുറ്റവാളികളായ രാധേശ്യാം ഭഗവാൻദാസ് ഷാ, രാജുഭായ് ബാബുലാൽ സോണി എന്നിവരുടെ അഭിഭാഷകനായ ഋഷി മൽഹോത്ര ഹരജി സ്വയം പിൻവലിക്കാമെന്ന് അറിയിക്കുകയായിരുന്നു. ജാമ്യാപേക്ഷയും പിൻവലിച്ചു.
മൗലികാവകാശ ലംഘനത്തിന് സുപ്രീംകോടതിയെ സമീപിക്കാൻ അനുവാദം നൽകുന്ന ഭരണഘടനയുടെ 32-ാം അനുച്ഛേദം കാണിച്ച് ഇത്തരമൊരു ഹരജിയുമായി വരുന്നതെങ്ങനെയെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചു. ഹരജി എങ്ങനെ അനുവദിക്കാനാവുമെന്ന് ചോദിച്ച ജസ്റ്റിസ് ഖന്ന, അപ്പീലിന് മുകളിലല്ല തങ്ങൾ ഇരിക്കുന്നതെന്ന് ഓർമിപ്പിച്ചു. ബിൽക്കീസ് ബാനു അടക്കമുള്ള സ്ത്രീകളെ കൂട്ടബലാത്സംഗം നടത്തുകയും ബിൽക്കീസിന്റെ പിഞ്ചുകുഞ്ഞടക്കം കുടുംബത്തിലെ 13 പേരെ കൂട്ടക്കൊല നടത്തുകയും ചെയ്തതിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ശിക്ഷാ കാലയളവ് വെട്ടിച്ചുരുക്കി ഗുജറാത്ത് സർക്കാർ മോചിപ്പിച്ച നടപടി ജനുവരി എട്ടിനാണ് സുപ്രീംകോടതി റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.