കൊൽക്കത്ത: കോൺഗ്രസിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് മറുപടിയുമായി പാർട്ടി സംസ്ഥാന അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി. മമതയെ ബി.ജെ.പി ഏജന്‍റെന്ന് വിശേഷിപ്പിച്ച അധീർ രഞ്ജൻ തന്‍റെ പാർട്ടിക്ക് മൊത്തം പ്രതിപക്ഷത്തിന്‍റെ 20 ശതമാനം വോട്ടുവിഹിതമുണ്ടെന്നും നിങ്ങളുടെ പാർട്ടി രാഷ്ട്രീയത്തിൽ എവിടെ നിൽക്കുന്നുവെന്ന് ചിന്തിക്കാൻ തൃണമൂൽ അധ്യക്ഷയോട് ആവശ്യപ്പെട്ടു.
'ബി.ജെ.പിയെ നേരിടാൻ ആഗ്രഹിക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിക്കണം. കോൺഗ്രസിന്‍റെ വിശ്വാസ്യത നഷ്ടപ്പെടുകയാണ്, കോൺഗ്രസിനെ ആശ്രയിക്കാൻ കഴിയില്ല'- അഞ്ച് നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി വഴങ്ങിയതിന് പിന്നാലെ കോൺഗ്രസിനെ വിമർശിച്ച് മമത പറഞ്ഞത് ഇപ്രകാരമായിരുന്നു.
'ഭ്രാന്തുള്ള ഒരാളോട് പ്രതികരിക്കുന്നത് ശരിയല്ല. ഇന്ത്യയിൽ കോൺഗ്രസിന് 700 എം.എൽ.എമാരുണ്ട്. ദീദിക്ക് അതുണ്ടോ?. പ്രതിപക്ഷത്തിന്റെ മൊത്തം വോട്ട് വിഹിതത്തിന്റെ 20 ശതമാനമാണ് കോൺഗ്രസിനുള്ളത്. അവർക്ക് അതുണ്ടോ?. ബി.ജെ.പിയെ പ്രീതിപ്പെടുത്താനും അതിന്റെ ഏജന്റായി പ്രവർത്തിക്കാനുമാണ് അവർ ഇത് പറയുന്നത്'-അധീ രഞ്ജൻ ചൗധരി പറഞ്ഞു.
'എന്തുകൊണ്ടാണ് നിങ്ങൾ കോൺഗ്രസിനെതിരെ പരാമർശങ്ങൾ നടത്തുന്നത്? കോൺഗ്രസ് ഇല്ലായിരുന്നുവെങ്കിൽ മമത ബാനർജിയെപ്പോലുള്ളവർ ജനിക്കുമായിരുന്നില്ലെന്ന് അവർ ഓർക്കണം. ബി.ജെ.പിയെ പ്രീതിപ്പെടുത്താൻ ഗോവയിൽ പോയ അവർ കോൺഗ്രസിനെ പരാജയപ്പെടുത്തി. നിങ്ങൾ ഗോവയിൽ കോൺഗ്രസിനെ ദുർബലപ്പെടുത്തി, ഇത് എല്ലാവർക്കും അറിയാം'-അധീർ രഞ്ജൻ ചൗധരി കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. മറ്റ് നാല് സംസ്ഥാനങ്ങളിൽ നിലംതൊടാത്തതിന് പുറമെ പാർട്ടിക്ക് വേരോട്ടമുള്ള പഞ്ചാബ് ആം ആദ്മി പാർട്ടിക്ക് മുന്നിൽ അടിയവ് വെച്ചത് കോൺഗ്രസിനകത്ത് വലിയ പൊട്ടിത്തെറികൾ സൃഷ്ടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.