കൊൽക്കത്ത: കോൺഗ്രസ് പരാജയമാണെന്നും യു.പി.എ അവസാനിച്ചുവെന്നും തൃണമൂൽ കോൺഗ്രസ്. തൃണമൂലിന്‍റെ മുഖപത്രമായ ജാഗോ ബംഗ്ലയിലാണ് കോൺഗ്രസിനെതിരായ പുതിയ വിമർശനം.
'ഏറ്റവും വലിയ പ്രതിപക്ഷമായിട്ടും കോൺഗ്രസ് സ്വയം ശീതികരണ പെട്ടിയിൽ പൂട്ടിയിട്ടിരിക്കുകയാണ്. ജനകീയ മുന്നേറ്റങ്ങൾ സംഘടിപ്പിക്കുന്നതിന് പകരം വീട്ടിൽ അടച്ചിരിക്കുകയാണ് കോൺഗ്രസ് നേതാക്കൾ' -കോൺഗ്രസ് ശീതീകരണപെട്ടിയിൽ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.
കോൺഗ്രസിൽനിന്ന് ഊർജമെല്ലാം ചോർന്നുപോയെന്ന് വിമർശിച്ച തൃണമൂൽ പാർട്ടിയുടെ നേതൃത്വവുമായി ബന്ധപ്പെട്ട പ്രതിസന്ധികളെയും വിമർശിച്ചു.
നിലവിലെ സാഹചര്യങ്ങളിൽ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 300 സീറ്റ് ലഭിക്കുമെന്ന് തോന്നുന്നില്ലെന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്‍റെ പരാമർശം ചൂണ്ടിക്കാട്ടിയും തൃണമൂൽ വിമർശനം ഉന്നയിച്ചു. കോൺഗ്രസ് നേതാക്കൾക്ക് പോലും 2024ൽ പാർട്ടി അധികാരത്തിലെത്തുമെന്ന വിശ്വാസമില്ലെന്നായിരുന്നു പരാമർശം.
പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയെക്കുറിച്ചും തൃണമൂൽ വിശദീകരിച്ചു. തൃണമൂൽ എന്താണോ പറയുന്നത് അത് ഏറ്റവുപറയുകയാണ് ആസാദും. കോൺഗ്രസ് പരാജയമാണ്. യു.പി.എ സഖ്യം അവസാനിച്ചു. പ്രതിപക്ഷം തീർച്ചയായും ഒന്നിക്കണം. എന്നാൽ ആഭ്യന്തര വിള്ളലുകൾ കാരണം കോൺഗ്രസിന് സ്വന്തം നേതാക്കളെപോലും സംരക്ഷിക്കാനാകുന്നില്ല -മുഖപത്രത്തിൽ പറയുന്നു. എല്ലാവരും അംഗീകരിച്ച പ്രതിപക്ഷ നേതാവാണ് മുഖ്യമന്ത്രി മമത ബാനർജിയെന്നും മുഖപത്രത്തിൽ പറയുന്നു.
കോൺഗ്രസിനെ കൂടാതെ ബി.ജെ.പിക്കെതിരെയും മുഖപത്രത്തിൽ വിമർശനങ്ങൾ ഉയർന്നു. വർഗീയ, ജനാധിപത്യ, ജനവിരുദ്ധ, കർഷകവിരുദ്ധ പാർട്ടിെയന്നായിരുന്നു ബി.ജെ.പിക്കെതിരായ വിമർശനം. ബി.ജെ.പിയെ തകർക്കാൻ ബദൽ സംവിധാനം വേണമെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.