ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായി ജിതിൻ പ്രസാദ ബി.ജെ.പിയിൽ. ഡൽഹി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നത്.
ബി.ജെ.പിയിൽ ചേരുന്നതിന് തൊട്ടുമുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിലെത്തി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്രമന്ത്രി പീയുഷ് ഗോയലുമായി അദ്ദേഹം ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു.
പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ എ.ഐ.സി.സിയുടെ ചുമതല വഹിച്ചിരുന്ന വ്യക്തിയാണ് ജിതിൻ പ്രസാദ. മൻമോഹൻ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാറിൽ സ്റ്റീൽ, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായിരുന്നു.
മികച്ച വ്യക്തികളിലൊരാൾ ബുധനാഴ്ച ഉച്ച ഒരു മണിയോടെ ഡൽഹിയിലെ ആസ്ഥാനത്തെത്തി ബി.ജെ.പിയിൽ ചേരുമെന്ന് ബി.ജെ.പി എം.പിയും വക്താവുമായ അനിൽ ബലൂനി ട്വീറ്റ് ചെയ്തിരുന്നു.
ഉത്തർപ്രദേശ് കോൺഗ്രസിലെ നട്ടെല്ലായിരുന്നു ജിതിൻ പ്രസാദ. അടുത്ത വർഷം ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജിതിൻ പ്രസാദയുടെ ബി.ജെ.പിയിലേക്കുള്ള ചേക്കേറൽ. നേരത്തേ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്ത് സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 കോൺഗ്രസ് നേതാക്കളിൽ ജിതിൻ പ്രസാദയും ഉൾപ്പെടും.
രാഹുൽ ഗാന്ധിയുടെ അടുത്ത സഹായിയായിരുന്നു 47കാരനായ ഇദ്ദേഹം. 2019ൽ ജിതിൻ പ്രസാദ കോൺഗ്രസ് വിടുമെന്ന വാർത്തകൾ പരന്നിരുന്നു. എന്നാൽ അന്ന് അദ്ദേഹം ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.