ന്യൂഡൽഹി: സർക്കാർ നടപടികൾക്കെതിരായ പ്രതിഷേധങ്ങളുമായി ഡൽഹിയെ സമരച്ചൂടിലാക്കി കോൺഗ്രസ്. ജന്തർമന്തർ വീണ്ടും സത്യഗ്രഹത്തിന്റെ വേദിയായി. നേതൃനിര പരാതിയുമായി രാഷ്ട്രപതിയെ സമീപിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിൻ തടഞ്ഞു. മൂന്നു വിഷയങ്ങൾ മുൻനിർത്തിയായിരുന്നു ഇത്. നാലാം ദിവസവും രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് മാരത്തൺ ചോദ്യം ചെയ്യൽ നടത്തി പീഡിപ്പിക്കുന്നതിലുള്ള രോഷം ഒരു വശത്ത്. അഗ്നിപഥ് പദ്ധതി മുന്നോട്ടു നീക്കുന്ന സർക്കാറിനെതിരായ പ്രതിഷേധം മറുവശത്ത്. രാഹുലിനെ ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരെ കഴിഞ്ഞ ദിവസം സമരം ചെയ്ത മുതിർന്ന നേതാക്കൾ അടക്കമുള്ളവരെ ഡൽഹി പൊലീസ് കൈയേറ്റം ചെയ്തതിലുള്ള പ്രതിഷേധവും അണപൊട്ടി.
ജന്തർമന്തറിൽ ഉച്ചകഴിയും വരെ മുതിർന്ന നേതാക്കൾ സത്യഗ്രഹം നടത്തി. മുഖ്യമന്ത്രിമാരായ അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ബാഘേൽ, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, കോൺഗ്രസിന്റെ ലോക്സഭ നേതാവ് അധിർരഞ്ജൻ ചൗധരി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻമന്ത്രി സൽമാൻ ഖുർശിദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സത്യഗ്രഹം. കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ, രാജ്മോഹൻ ഉണ്ണിത്താൻ, ടി.എൻ. പ്രതാപൻ തുടങ്ങി കേരളത്തിൽനിന്നും പുറത്തുനിന്നുമുള്ള എം.പിമാർ സത്യഗ്രഹത്തിൽ പങ്കെടുത്തു. നൂറു കണക്കിനു പ്രവർത്തകരാണ് ജന്തർമന്തർ പ്രതിഷേധത്തിന് എത്തിയത്.
വൈകീട്ട് പാർലമെന്റ് മന്ദിരത്തിനു മുന്നിലെ വിജയ് ചൗക്കിനു സമീപം പ്ലക്കാർഡുകളുമായി എം.പിമാരും മുതിർന്ന നേതാക്കളും ധർണ നടത്തി. തുടർന്നാണ് മുതിർന്ന നേതാക്കൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ചെന്നുകണ്ടത്. ഇ.ഡി പീഡനം, അഗ്നിപഥ്, ഡൽഹി പൊലീസ് അതിക്രമം എന്നീ വിഷയങ്ങളിലുള്ള പരാതി രാഷ്ട്രപതിയെ അറിയിച്ച സംഘം എം.പിമാരുടെ അവകാശ സംരക്ഷണത്തിന് രാജ്യസഭ, ലോക്സഭ അധ്യക്ഷന്മാർക്ക് നൽകിയ പരാതിയിൽ ഒരു നടപടിയും ഇതുവരെ ഉണ്ടാകാത്തതിലെ പ്രതിഷേധവും അറിയിച്ചു. ഗെഹ്ലോട്ട്, ബാഘേൽ, ഖാർഗെ, ചൗധരി, വേണുഗോപാൽ എന്നിവർക്കു പുറമെ മുൻമന്ത്രിമാരായ പി. ചിദംബരം, ജയ്റാം രമേശ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അഗ്നിപഥ് വിഷയത്തിലെ ദേശീയ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് നേരത്തേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡൽഹിയിൽ ട്രെയിൻ തടഞ്ഞത്. ശിവജി ബ്രിഡ്ജ് റെയിൽവേ സ്റ്റേഷനിൽ നടത്തിയ ഉപരോധം ഒന്നര മണിക്കൂറിലേറെ നീണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.