ന്യൂഡൽഹി: മനുഷ്യാവകാശങ്ങളെ മാനിക്കേണ്ടതിന്റെ പ്രാധാന്യവും രാജ്യം കെട്ടിപ്പടുക്കുന്നതില്‍ പൗര സമൂഹത്തിനും സ്വതന്ത്രമാധ്യമങ്ങള്‍ക്കുമുള്ള പങ്കിനെക്കുറിച്ചും നരേന്ദ്ര മോദിയോട് സംസാരിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് വ്യക്തമാക്കിയതിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ പരിഹാസവുമായി കോൺഗ്രസ്.
മോദി ബൈഡനോട് പറഞ്ഞത് വാർത്തസമ്മേളനം നടത്തില്ല, നിങ്ങളെ നടത്തിക്കാൻ അനുവദിക്കുകയുമില്ല എന്നാണെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് സമൂഹ മാധ്യമമായ ‘എക്സി’ൽ കുറിച്ചു.
ശക്തവും സമൃദ്ധപൂർണവുമായ രാഷ്ട്രനിർമിതിയിൽ പൗരസമൂഹത്തിനും സ്വതന്ത്ര മാധ്യമങ്ങൾക്കുള്ള നിർണായക പങ്കും എപ്പോഴുമെന്നപോലെ നരേന്ദ്ര മോദിക്ക് മുമ്പാകെ ഉന്നയിച്ചുവെന്നും ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു.
അമേരിക്കൻ പ്രസിഡന്റുമായി സെപ്റ്റംബർ എട്ടിന് തന്റെ ഔദ്യോഗിക വസതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചക്ക് ശേഷം ബൈഡനോടൊപ്പം എത്തിയ മാധ്യമപ്രവർത്തകർക്ക് ചോദ്യങ്ങൾ ഉന്നയിക്കാൻ അവസരം നൽകണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടുവെങ്കിലും ഇന്ത്യ അനുവാദം നൽകിയിരുന്നില്ല. ഇക്കാര്യം വ്യക്തമാക്കിയ വൈറ്റ് ഹൗസ് വക്താവ്, വിയറ്റ്നാമിൽ എത്തിയാൽ പ്രസിഡന്റ് വാർത്തസമ്മേളനം നടത്തുമെന്നും ഇന്ത്യ സന്ദർശനത്തെ കുറിച്ച് അവിടെ ചോദിക്കാമെന്നും അമേരിക്കൻ മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.