ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍ വേ ട്രാക്കിന് സമീപത്തെ 48000 ത്തോളം ചേരികള്‍ ഒഴിപ്പിക്കാനുള്ള ഉത്തവിനെതിരെ ഹരജിയുമായി കോൺഗ്രസ് സുപ്രീം കോടതിയിൽ. ചേരി നിവാസികൾക്ക് പറയാനുള്ളത് കേൾക്കാതെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ ഹരജിയിൽ ചൂണ്ടികാണിച്ചു. ഉത്തരവ് നടപ്പാക്കിയാൽ രണ്ടര ലക്ഷം ആളുകൾ പെരുവഴിയിലാകുമെന്ന് ഹരജിയിൽ പറയുന്നു.
'ചേരികള്‍ നീക്കം ചെയ്യാനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച ഡല്‍ഹി ഹൈക്കോടതിയുടെ വിധി റെയില്‍വേ മന്ത്രാലയവും ഡല്‍ഹി സര്‍ക്കാരും സുപ്രീം കോടതിയെ അറിയിച്ചിട്ടില്ല. മാറ്റിപാര്‍പ്പിക്കാനുള്ള പദ്ധതിയില്ലാതെ ചേരി ഒഴിപ്പിക്കാനാകില്ല' -ഹരജിയിൽ പറയുന്നു. ചേരിനിവാസിയായ കൈലാശ് പണ്ഡിറ്റിനൊപ്പമാണ് അജയ് മാക്കൻ ഹരജി നൽകിയത്.
ഡല്‍ഹി റെയില്‍വേ ട്രാക്കിന് സമീപമുള്ള 48,000 ചേരികള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുൻ സുപ്രീം കോടതി ജസ്റ്റിസ് അരുണ്‍ മിശ്ര അടങ്ങുന്ന ബെഞ്ച് നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നു. ചേരികള്‍ മൂന്ന് മാസത്തിനുള്ളില്‍ ഒഴിപ്പിക്കണമെന്ന അന്തിമ ഉത്തരവ് പുറത്തുവന്നത് സെപ്തംബര്‍ മൂന്നിനാണ്. റെയില്‍വേ ട്രാക്കിന് സമീപത്തെ ചേരികള്‍ ഒഴിപ്പിക്കുന്നതില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഇടപെടല്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഒരു കോടതിയും സ്റ്റേ നൽകരുതെന്നും അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചിരുന്നു.
ചേരി നിവാസികൾ രണ്ടാം തരം പൗരൻമാരല്ലെന്നും അവരുടെ ഭരണഘടനാവകാശങ്ങൾ തടയരുതെന്നും ഹരജിയിൽ പറയുന്നു. ചേരി ഒഴിപ്പിക്കൽ നടപടിയിൽ മറ്റു കോടതികളുടെ ഇടപെടൽ തടയുന്നത് നിയമപരമായ പരിഹാരങ്ങൾ തേടാനുള്ള ചേരിനിവാസികളുടെ അവകാശം തടയുന്നതാണെന്നും ഹരജിയിൽ ഉന്നയിക്കുന്നു.
ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയെയും ബി.ജെ.പിയെയും പരാതിയില്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.
അതേസമയം, ചേരി പ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സുപ്രീം കോടതിയില്‍ പോകുമെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.