ഭുവനേശ്വർ: ഫണ്ട് നൽകാത്തതിനെ തുടർന്ന് സ്ഥാനാർഥി പിൻമാറിയ സാഹചര്യത്തിൽ പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്. ജയ് നാരായണൻ പാട്നായിക്കാണ് പുതിയ സ്ഥാനാർഥി. അദ്ദേഹത്തിന്‍റെ ആദ്യ മത്സരമാണിത്. മേയ് ആറിന് നാമനിർദേശ പത്രിക സമർപ്പിക്കും.
ഒഡിഷയിലെ പുരി ലോക്‌സഭ മണ്ഡലത്തിലെ പാർട്ടി സ്ഥാനാർഥിയായി ജയ് നാരായൺ പട്നായിക്കിന്റെ സ്ഥാനാർത്ഥിത്വം പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകരിച്ചതായി കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു.
ആദ്യം നിശ്ചയിച്ച സ്ഥാനാർഥിയായ സുചാരിത മൊഹന്തി സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി നേതാവ് അജോയ് കുമാറിനോട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പണം ആവശ്യപ്പെട്ടപ്പോൾ സ്വന്തം നിലയിൽ കണ്ടെത്താനായിരുന്നു അദ്ദേഹത്തിന്‍റെ നിർദേശം. സമാനമായ ഉത്തരം വീണ്ടും പാർട്ടി നേതൃത്വത്തിൽനിന്നും ലഭിച്ചതോടെയാണ് ടിക്കറ്റ് മടക്കി നൽകാൻ സുചാരിത തീരുമാനിച്ചത്. സ്ഥാനാർഥിത്വം പിൻവലിച്ചെങ്കിലും കോൺഗ്രസിൽ തന്നെ തുടരുമെന്ന് അവർ വ്യക്തമാക്കി.
2014ലും സുചാരിത പുരിയിൽ നിന്ന് ജനവിധി തേടിയിരുന്നു. ബി.ജെ.ഡിയുടെ സിറ്റിങ് എം.പി പിനാകി മിശ്രയോട് അവർ രണ്ടര ലക്ഷത്തിൽപരം വോട്ടുകൾക്ക് പരാജയപ്പെട്ടു. 2019ലും പിനാകി വിജയിച്ചു. ഇക്കുറി പിനാകി മിശ്രക്ക് പകരം മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായ അരൂപ് പട്നായികിനെയാണ് ബി.ജെ.ഡി കളത്തിലിറക്കിയിരിക്കുന്നത്. ദേശീയ വക്താവ് സാംപിത് പത്രയാണ് ബി.ജെ.പി സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.