നൂറും കടന്ന് കോൺഗ്രസ്

കഴിഞ്ഞ രണ്ട് പൊതു തെരഞ്ഞെടുപ്പുകളിൽ 44ഉം 52ഉം സീറ്റുകളായി ചുരുങ്ങിപ്പോയ കോൺഗ്രസിന് 2024ലെത്തുമ്പോൾ തകർപ്പൻ തിരിച്ചുവരവ്. ഇരുപക്ഷവും ഒപ്പത്തിനൊപ്പം നിന്ന് പൊരുതുന്ന ആദ്യ സൂചനകളിൽ കോൺഗ്രസ് 100ലേറെ സീറ്റുകളിൽ മുന്നിട്ടുനിൽക്കുകയാണ്. യു.പിയടക്കം സംസ്ഥാനങ്ങളിൽ ഇൻഡ്യ സഖ്യം നടത്തിയ അപ്രതീക്ഷിത മുന്നേറ്റമാണ് കോൺഗ്രസ് കാത്തിരുന്ന ഉയരങ്ങളിലേക്ക് ആദ്യ ചുവട് നൽകിയത്. ഒരു ഘട്ടത്തിൽ ഇൻഡ്യ സഖ്യം എൻ.ഡി​.എയെ കടന്ന് മുന്നിലെത്തുക കൂടി ചെയ്ത വോട്ടെണ്ണൽ അവസാന ലാപ്പുകളിലെത്തുമ്പോൾ ഇരുപക്ഷത്തും പ്രതീക്ഷ നിലനിൽക്കുന്നുവെന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രധാന മാറ്റം. എക്സിറ്റ് പോളുകൾ മൃഗീയ ഭൂരിപക്ഷം പ്രവചിച്ചിടത്താണ് ആദ്യാവസാനം ഇൻഡ്യ സഖ്യവും കോൺഗ്രസും കടുത്ത പോരാട്ടവുമായി പ്രതീക്ഷ പകരുന്നത്.

2019ൽ 300ലേറെ സീറ്റുകളുമായി ബഹുദൂരം മുന്നിൽനിന്ന ബി.ജെ.പി ഇത്തവണ ആദ്യ സൂചനകളിൽ 235 എണ്ണത്തിൽ ലീഡ് ചെയ്യുന്നുണ്ട്. 52 ആയിരുന്ന കോൺഗ്രസ് നിലവിൽ 100 ഇടത്തും ലീഡ് ചെയ്യുന്നു. യു.പിയിൽ വമ്പൻ കുതിപ്പ് നടത്തിയ സമാജ്‍വാദി പാർട്ടി 31 ഉം തൃണമൂൽ 24ഉം സീറ്റുകളുമായി തങ്ങളുടെ സംസ്ഥാനങ്ങളിൽ ഇടമുറപ്പിക്കുന്ന കാഴ്ചയാണ്.

കോൺഗ്രസ് നേതാക്കളിൽ രാഹുൽ ഗാന്ധി മത്സരിച്ച രണ്ടിടത്തും മികച്ച ഭൂരിപക്ഷവുമായി കുതിക്കുന്നു. വയനാട്ടിൽ ലീഡ് ലക്ഷം പിന്നിട്ട രാഹുൽ യു.പിയിലെ റായ് ബറേലിയിലും ബദ്ധവൈരിയായ ബി.ജെ.പി സ്ഥാനാർഥിയെക്കാൾ ലക്ഷത്തിലേറെ വോട്ടിന് മുന്നിലാണ്. ബി.ജെ.പിയുടെ ദിനേശ് പ്രതാപ് സിങ്ങിനെക്കാൾ 28,326 വോട്ടുകൾ അധികം നേടിക്കഴിഞ്ഞിട്ടുണ്ട്. ഇവിടെ 2004, 2009, 2014, 2019 വർഷങ്ങളിലെല്ലാം സോണിയ ഗാന്ധിയായിരുന്നു ജയിച്ചിരുന്നത്. മറുവശത്ത്, വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഘട്ടത്തിൽ പിറകിൽനിന്നത് ബി.ജെ.പി ക്യാമ്പുകളെ ആധിയിലാക്കിയിരുന്നു. പിന്നീട് തിരിച്ചുവന്ന് ലീഡുയർത്തിയെങ്കിലും സഖ്യത്തിന്റെ വൻകുതിപ്പ് ഇത്തവണ സംഭവിക്കില്ലെന്ന സൂചന കൂടിയായി ഇത്.

മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഇത്തവണയും ബി.ജെ.പി കരുത്തുകാട്ടിയപ്പോൾ ഉത്തർ പ്രദേശിനൊപ്പം മഹാരാഷ്ട്രയിലും ഇൻഡ്യ സഖ്യം വമ്പൻ തിരിച്ചുവരവ് നടത്തി. യു.പിയിൽ 42 സീറ്റുമായി ഇൻഡ്യ സഖ്യമാണ് നിലവിൽ ലീഡ് ചെയ്യുന്നത്. എൻ.ഡി.എക്ക് 36 ഇടത്താണ് ലീഡ്.

Tags:    
News Summary - Congress on lead in 2024 Lok Sabha elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.