അ​ശോ​ക്​ ഗെ​ഹ്​​ലോ​ട്ട്, ശ​ശി ത​രൂ​ർ

പ്ര​ധാ​ന സ്ഥാ​നാ​ർ​ഥി​ക​ളാ​യി ഗെ​ഹ്​​ലോ​ട്ടും ത​രൂ​രും; രാ​ഹു​ലി​നാ​യി മ​ത്സ​രം ഒ​ഴി​വാ​ക്കാ​ൻ തീ​വ്ര​ശ്ര​മം

ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരം നടക്കുമെന്ന് ഉറപ്പില്ലാത്ത തെരഞ്ഞെടുപ്പ് കളത്തിൽ പ്രധാന സ്ഥാനാർഥികളായി അശോക് ഗെഹ്ലോട്ട്, ശശി തരൂർ എന്നിവർ മുന്നൊരുക്കങ്ങളിൽ. അനിശ്ചിതത്വം ബാക്കിയാണെങ്കിലും, തെരഞ്ഞെടുപ്പ് തയാറെടുപ്പുകളുടെ ഭാഗമായി അന്തിമ വോട്ടർപട്ടിക ചൊവ്വാഴ്ച മുതൽ എ.ഐ.സി.സിയിൽ പരിശോധനക്ക് ലഭ്യമാക്കി. രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് കൂടുതൽ സംസ്ഥാന ഘടകങ്ങൾ ആവശ്യപ്പെടുമ്പോൾ തന്നെയാണ്, മത്സരം നടന്നേക്കുമെന്ന പ്രതീതി വർധിച്ചത്. രാഹുലിനെ വീണ്ടും പ്രേരിപ്പിക്കാനും മത്സരം ഒഴിവാക്കാനും മുതിർന്ന നേതാക്കൾ തീവ്രശ്രമം തുടരുന്നുണ്ട്. മത്സരം അനിവാര്യമായാൽ, പത്രിക നൽകാനുള്ള അവസാന ദിവസം ഈ മാസം 30 ആണ്. രാഹുൽ മാത്രമല്ല, പ്രസിഡന്‍റ് സ്ഥാനമേൽക്കാൻ അശോക് ഗെഹ്ലോട്ടും വിസമ്മതിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനവും രാജസ്ഥാനിലെ പാർട്ടി നിയന്ത്രണവും മറ്റൊരാൾക്ക് കൈമാറി ദേശീയ പദവി ഏറ്റെടുക്കുന്നത് പ്രയോജനകരമായി കാണാത്തതു തന്നെ കാരണം. സംസ്ഥാനത്തെ പാർട്ടി പ്രതിയോഗി സചിൻ പൈലറ്റിന് കളം വിട്ടുകൊടുക്കേണ്ടി വരും. ദേശീയ തലത്തിൽ പാർട്ടി ഐക്യം ഏറെ ശ്രമകരമാവും. എന്നാൽ പ്രസിഡന്‍റ് സ്ഥാനം വിട്ടുകൊടുക്കാൻ ഏറ്റവും വിശ്വസ്തനായി നെഹ്റുകുടുംബം കാണുന്നത് ഗെഹ്ലോട്ടിനെയാണ്. സോണിയ ഗാന്ധി ഇക്കാര്യം ഗെഹ്ലോട്ടിനെ അറിയിച്ചിട്ടുമുണ്ട്. ഭാരത് ജോഡോ യാത്രയിൽ അടക്കം പ്രധാന നേതൃമുഖമായി അവതരിപ്പിച്ചു പോരുന്ന രാഹുൽ ഗാന്ധി പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കുക തന്നെ ചെയ്യുമെന്ന വിശ്വാസം നേതൃനിരക്ക് ഉള്ളപ്പോൾ തന്നെയാണിത്.

സ്ഥാനം ഏറ്റെടുക്കാൻ രാഹുൽ സമ്മതം മൂളണമെങ്കിൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരമില്ലെന്ന് ഉറപ്പാകണം. എന്നാൽ നിലവിലെ സ്ഥിതി അതല്ല. ശശി തരൂരിന് പുറമെ, തിരുത്തൽ പക്ഷത്തെ മനീഷ് തിവാരിയും മത്സരിക്കാൻ തയാറായി നിൽപ്പുണ്ട്. ഇവരോട് മത്സരിക്കാൻ രാഹുൽ തയാറല്ല. ശശി തരൂരാകട്ടെ, സോണിയയെ കഴിഞ്ഞ ദിവസം ചെന്നുകണ്ടത് മത്സര താൽപര്യം അറിയിക്കാൻ കൂടിയാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ, ആർക്കും മത്സരിക്കാം. എന്നാൽ പദവിയേൽക്കാൻ രാഹുലിനെ നിർബന്ധിക്കണമെങ്കിൽ മത്സരത്തിനായി ആരും ഉണ്ടാകരുത്. ഈ സങ്കീർണ സാഹചര്യങ്ങൾക്കിടയിലാണ് കോൺഗ്രസ്. ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പമായിരുന്ന സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ സോണിയ ഗാന്ധി അടിയന്തരമായി ഡൽഹിക്ക് വിളിച്ചത് അടുത്ത കരുനീക്കങ്ങൾക്കാണ്.

രാഹുലിന് വേണ്ടി കൂടുതൽ പി.സി.സികൾ രംഗത്തു വന്നതിനു പുറമെ, ശശി തരൂരിന് ഒപ്പമായിരിക്കില്ലെന്ന സന്ദേശം കേരള നേതാക്കൾ പരസ്യമായി നൽകി തുടങ്ങിയിട്ടുണ്ട്. തരൂരോ മറ്റാരെങ്കിലുമോ മത്സരിക്കാൻ ഉറച്ചാൽ എതിർ സ്ഥാനാർഥിയാകേണ്ടി വരുന്ന അശോക് ഗെഹ്ലോട്ട്, ഒപ്പമുള്ള രാജസ്ഥാൻ എം.എൽ.എമാരുടെ യോഗം വിളിച്ച് ഭാവി നടപടികൾ ചർച്ച ചെയ്തു. രാഹുലിന് പകരക്കാരനാകേണ്ടി വന്നാൽ വിശ്വസ്തനെ മുഖ്യമന്ത്രിയാക്കണം, അതല്ലെങ്കിൽ വർക്കിങ് പ്രസിഡന്‍റായും മുഖ്യമന്ത്രിയായും കുറെക്കാലം മുന്നോട്ടു പോകാൻ അനുവദിക്കണം തുടങ്ങിയ നിബന്ധനകൾ ഗെഹ്ലോട്ട് മുന്നോട്ടുവെച്ചുവെന്നാണ് വിവരം. അതേസമയം, മത്സരിക്കുന്നെങ്കിൽ ഗെഹ്ലോട്ട് ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന ആവശ്യം സചിൻ പൈലറ്റ് പാർട്ടിക്കുള്ളിൽ ഉയർത്തിക്കഴിഞ്ഞു.

Tags:    
News Summary - Congress president election preparations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.