ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് പെട്ടിയിലായപ്പോൾ ജയം ഉറപ്പിച്ച് മല്ലികാർജുൻ ഖാർഗെ. തോൽവി ഉറപ്പാണെങ്കിലും, തെരഞ്ഞെടുപ്പ് അർഥപൂർണമാക്കി പാർട്ടിയിലും പുറത്തും തിളക്കം കൂട്ടി ശശി തരൂർ. നെഹ്റുകുടുംബത്തിന്റെയും ബഹുഭൂരിപക്ഷം വോട്ടർമാരുടെയും പിന്തുണ ഖാർഗെക്കാണെങ്കിലും, മത്സരം നടന്നത് പാർട്ടിക്ക് ഉന്മേഷവും പ്രതിഛായയും കൂട്ടിയെന്ന വിലയിരുത്തലാണ് നേതാക്കൾക്ക്. കോൺഗ്രസിലെ ജനാധിപത്യവും സുതാര്യതയും ചൂണ്ടിക്കാട്ടി ഭാവിയിൽ ബി.ജെ.പിയേയും സി.പി.എമ്മിനെയും മറ്റും നേരിടാൻ വോട്ടെടുപ്പ് സഹായിച്ചുവെന്നാണ് വിലയിരുത്തൽ.
22 വർഷത്തിനുശേഷം മത്സരം നടന്ന കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 96 ശതമാനത്തോളം പി.സി.സി പ്രതിനിധികൾ വോട്ടു ചെയ്തെന്നാണ് പ്രാഥമിക കണക്ക്. ഡൽഹി എ.ഐ.സി.സി ആസ്ഥാനത്ത് എത്തിക്കുന്ന ബാലറ്റ് പെട്ടികൾ ബുധനാഴ്ചയാണ് തുറന്ന് എണ്ണുന്നത്. വൈകീട്ടോടെ ഫലം പ്രഖ്യാപിക്കും. വോട്ടു രേഖപ്പെടുത്തുന്നവരുടെ വിരലിൽ മഷിയടയാളം ഇട്ടതടക്കം, പൊതുതെരഞ്ഞെടുപ്പിന്റെ മട്ടും ഭാവവുമായാണ് എ.ഐ.സി.സി ആസ്ഥാനത്തും പി.സി.സി കേന്ദ്രങ്ങളിലുമായി തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ വോട്ടെടുപ്പ് മുന്നേറിയത്. തെരഞ്ഞെടുപ്പിന് കാത്തിരിക്കുകയായിരുന്നുവെന്ന പ്രതികരണത്തോടെയാണ് വോട്ടു ചെയ്യാനെത്തിയ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മടങ്ങിയത്.
സ്ഥാനാർഥികളിൽ മല്ലികാർജുൻ ഖാർഗെ ബംഗളൂരുവിലും ശശി തരൂർ തിരുവനന്തപുരത്ത് ഇന്ദിര ഭവനിലും വോട്ടു ചെയ്തു. ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധിക്കും സംഘത്തിനുമായി ബെള്ളാരിയിൽ പ്രത്യേക ബൂത്ത് സജ്ജീകരിച്ചിരുന്നു. 9,500ഓളം പി.സിസി പ്രതിനിധികൾ വോട്ടെടുപ്പിൽ പങ്കെടുത്തുവെന്നാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.