ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി എം.പി സംബിത് പത്ര. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ അല്ല, രാഹുലാണ് അൺഫിറ്റെന്നായിരുന്നു പരാമർശം. കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിന്‍റെ പരാമർശം പരോക്ഷമായി സൂചിപ്പിച്ചാണ് സംബിത്തിന്‍റെ പരിഹാസം.
പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തി. ഈ സമയം സഭ നിയന്ത്രിച്ചിരുന്ന സന്ധ്യ റായ് പ്രതിപക്ഷ അംഗങ്ങളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ നടപടികൾ പത്ത് മിനിറ്റ് നേരത്തേക്ക് നിർത്തിവെച്ചു. പരാമർശം പിൻവലിച്ച് സംബിത് മാപ്പ് പറയണമെന്ന് കോൺഗ്രസ് എം.പി ഗൂർജീത് സിങ് ആവശ്യപ്പെട്ടു. ‘ബി.ജെ.പി എം.പി സംബിത് പത്ര ലോക്സഭയിൽ രാഹുൽ ഗാന്ധിക്കെതിരെ അസഭ്യമായ ഭാഷ ഉപയോഗിച്ചു. ഇത് അവരുടെ ഒരു പതിവ് ശീലമായിരിക്കുന്നു. അദ്ദേഹത്തിന്റെ പരാമർശം നീക്കം ചെയ്യണമെന്നും മാപ്പ് പറയണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു’ -ഗുർജീത് പറഞ്ഞു.
പിന്നാലെ തന്റെ വാക്കുകൾ പ്രതിപക്ഷ നേതാവിനേയോ, മറ്റു അംഗങ്ങളേയോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പിൻവലിക്കാൻ തയാറാണെന്ന് സംബിത് ക്ഷമാപണം നടത്തി. നേരത്തെ, തടികൂടിയ കായികതാരമാണ് രോഹിത്തെന്നും അദ്ദേഹം ഭാരം കുറക്കണമെന്നും ഇന്ത്യ കണ്ട ഏറ്റവും മോശം ക്യാപ്റ്റൻമാരിൽ ഒരാളാണെന്നുമാണെന്ന് ഷമ മുഹമ്മദ് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടത് വലിയ വിവാദമായിരുന്നു. വിമർശനം ശക്തമായതിനു പിന്നാലെ അവർ തന്നെ പോസ്റ്റ് പിൻവലിച്ചിരുന്നു.
ഷമയുടെ പരാമർശം ആയുധമാക്കി ബി.ജെ.പി രംഗത്തുവന്നിരുന്നു. പിന്നാലെ അത് പാർട്ടി നിലപാടല്ലെന്നും കായിക മേഖലയിലെ ഇതിഹാസങ്ങൾ നൽകുന്ന സംഭാവനകളെ അങ്ങേയറ്റം ബഹുമാനത്തോടും ആദരവോടും കൂടിയാണ് കോൺഗ്രസ് കാണുന്നതെന്നും പാർട്ടി നേതാവ് പവൻ ഖേര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.