ന്യൂഡൽഹി: വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാക്കുന്ന മോദിസർക്കാർ നയങ്ങൾക്കെതിരായ കോൺഗ്രസ് റാലി ഞായറാഴ്ച ഡൽഹിയിൽ. വിദേശയാത്ര കഴിഞ്ഞെത്തിയ രാഹുൽ ഗാന്ധി റാലിയിൽ പങ്കെടുക്കും. മുതിർന്ന നേതാവ് ഗുലാംനബി ആസാദ് കോൺഗ്രസ് വിട്ടശേഷം ജമ്മുവിൽ ആദ്യ പൊതുസമ്മേളനം നടത്തുന്നതും ഞായറാഴ്ചതന്നെ.
കോൺഗ്രസിന്‍റെ വിലക്കയറ്റ വിരുദ്ധറാലിയിൽ പ്രധാനമായും ഡൽഹി, യു.പി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രവർത്തകരാണ് പങ്കെടുക്കുന്നത്. വിലക്കയറ്റ വിഷയം പാർലമെന്‍റിൽ സജീവമായി ചർച്ചചെയ്യാൻ സർക്കാർ പ്രതിപക്ഷത്തിന് അവസരം നൽകിയിരുന്നില്ല. ജനങ്ങളുടെ മുന്നിൽവെച്ച് സർക്കാറിനെ പ്രതിക്കൂട്ടിലാക്കാനുള്ള സമരപരിപാടികളാണ് കോൺഗ്രസ് നടത്തുന്നത്.
കന്യാകുമാരിയിൽനിന്ന് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഈമാസം ഏഴിന് തുടങ്ങുകയാണ്. 3500 കിലോമീറ്റർ വരുന്ന പദയാത്രയിലൂടെ ദേശവ്യാപക ജനസമ്പർക്ക പരിപാടിക്കാണ് കോൺഗ്രസ് തുടക്കമിടുന്നത്.
കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഔദ്യോഗികപക്ഷവും തിരുത്തൽ സംഘവുമായി മത്സരത്തിന് വേദിയൊരുങ്ങുന്ന പശ്ചാത്തലത്തിൽ കൂടിയാണ് സർക്കാർവിരുദ്ധ-ജനസമ്പർക്ക പരിപാടികൾ. വോട്ടർപട്ടികയുടെ കാര്യത്തിലടക്കം സുതാര്യതയും വിപുലമായ പുനഃസംഘടനയും പാർട്ടിയിൽ വേണമെന്ന ആവശ്യം ശക്തമായി മുന്നോട്ടുവെക്കുകയാണ് തിരുത്തൽസംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.