ഡൽഹിയിൽ ‘ആപ്പി’നെ പിണക്കാതിരിക്കാൻ കോൺഗ്രസ്

ന്യൂഡൽഹി: ആം ആദ്മി പാർട്ടി ഇൻഡ്യ സഖ്യത്തിന്‍റെ ഭാഗമായതോടെ ഡൽഹിയിലെ ബന്ധം വഷളാകാതിരിക്കാൻ കരുതലോടെ കോൺഗ്രസ് ദേശീയ നേതൃത്വം. ഡൽഹിയിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും (ആപ്) ബദ്ധവൈരികളാണ്. ‘ആപ്പി’ന്‍റെ ശക്തികേന്ദ്രമായ ഡൽഹിയിൽ അസ്വാരസ്യം ഉണ്ടാകുന്നത് ദേശീയതലത്തിൽ സഖ്യത്തെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞ് അവരുമായി അടുപ്പം സൂക്ഷിക്കുന്ന അർവീന്ദർ സിങ് ലവ്ലിയെ സംസ്ഥാന അധ്യക്ഷനായി കഴിഞ്ഞ ദിവസം കോൺഗ്രസ് നേതൃത്വം നിയമിച്ചിരുന്നു. അധ്യക്ഷപദവിയിൽ എത്തിയതിനു പിന്നാലെ അർവീന്ദർ ലവ്ലി ഡൽഹിയിലെ ഏഴു ലോക്സഭ സീറ്റുകളിലേക്കും കോഓഡിനേറ്റർമാരെ നിയമിച്ചു.

മണ്ഡലം സംബന്ധിച്ച മുഴുവൻ വിവരങ്ങളും 15 ദിവസത്തിനകം നൽകാനും ഇവർക്ക് നിർദേശം നൽകി.ആപ്, ഇൻഡ്യ സഖ്യത്തിന്‍റെ ഭാഗമാകുന്നതും കേന്ദ്ര സർക്കാറിന്റെ ഡൽഹി ഉദ്യോഗസ്ഥ നിയമന ഭേദഗതി ബില്ലിനെ പാർലമെന്‍റിൽ എതിർത്തതിലും ഡൽഹി കോൺഗ്രസ് ഘടകം കടുത്ത എതിർപ്പ് അറിയിച്ചിരുന്നു. മുൻ ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അനിൽ ചൗധരി, മുതിർന്ന നേതാവ് അജയ് മാക്കൻ തുടങ്ങിയവർതന്നെ ഇതിന് മുൻനിരയിലുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അർവീന്ദർ ലവ്ലിക്ക് അധ്യക്ഷ ചുമതല നൽകിയത്.

2013 മുതല്‍ 2015 വരെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായിരുന്ന അർവീന്ദർ 2017ല്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നെങ്കിലും 2018ല്‍ കോണ്‍ഗ്രസിൽ മടങ്ങിയെത്തി.

Tags:    
News Summary - Congress relation in delhi with AAP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.