അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കോണ്‍ഗ്രസ് പാര്‍ട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി. സുതാര്യവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടത്. ലഘുലേഖകള്‍ പ്രചരിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വോട്ടര്‍മാരെ വാഹനത്തില്‍ കൂട്ടത്തോടെ എത്തിച്ച് വോട്ട് ചെയ്യുന്ന രീതി പാടില്ലെന്നും സ്ഥാനാർഥികള്‍ പരസ്പരം ദുഷ്പ്രചരണം നടത്തരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
'ഉത്തരവാദിത്തപ്പെട്ട പദവികളില്‍ ഇരിക്കുന്നവര്‍ സ്ഥാനാർഥികള്‍ക്കായി പ്രചരണത്തിനിറങ്ങരുതെന്നും അങ്ങനെ ഇറങ്ങിയാല്‍ പദവി രാജിവെക്കണമെന്നും നിർദേശമുണ്ട്. തരൂരിനും ഖാര്‍ഗെക്കും പ്രചരണത്തിന് വേണ്ട സൗകര്യങ്ങള്‍ അതത് സംസ്ഥാനങ്ങളിലെ പി.സി.സി അധ്യക്ഷന്മാര്‍ ഒരുക്കണം. സ്ഥാനാർഥികള്‍ വോട്ടര്‍മാരുമായി ചേര്‍ന്ന് യോഗം വിളിക്കുമ്പോള്‍ അതിന് സൗകര്യമൊരുക്കുക എന്നതിനപ്പുറം പി.സി.സി അധ്യക്ഷന്മാര്‍ സ്വന്തം നിലയ്ക്ക് യോഗം വിളിക്കരുത്. ഇരു സ്ഥാനാര്‍ത്ഥികളെയും ഒരുപോലെ പരിഗണിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. മാനദണ്ഡങ്ങൾ ലംഘിച്ചാല്‍ സ്ഥാനാർഥിത്വം റദ്ദാക്കാന്‍ വ്യവസ്ഥയുണ്ടെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
പ്രചരണത്തിന്റെ ഭാഗമായി നേതാക്കളെ നേരില്‍ കാണുന്നതിനും വോട്ടഭ്യർഥിക്കുന്നതിനുമായി ശശി തരൂര്‍ ഹൈദരാബാദിലെത്തി. നേരത്തെ അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിക്കുന്നതിനെതിരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമടക്കം മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡിന്റെ പിന്തുണയുള്ളതിനാല്‍ കാര്യങ്ങള്‍ അനുകൂലമാകുമെന്ന നിലപാടാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.