ന്യൂഡൽഹി: സമൂഹമാധ്യമമായ ട്വിറ്റർ പാർട്ടിയുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടും പൂട്ടിയതായി കോൺഗ്രസ്. മെറ്റാരു സമൂഹമാധ്യമമായ ഫേസ്ബുക്കിലൂടെയാണ് പാർട്ടി ഇക്കാര്യം വ്യക്തമാക്കിയത്.
സമൂഹമാധ്യമ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ട്വിറ്റർ അക്കൗണ്ട് പൂട്ടിയത്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് പൂട്ടിയതായ സന്ദേശത്തിന്‍റെ സ്ക്രീൻഷോട്ട് സഹിതമാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഈ അക്കൗണ്ട് ട്വിറ്റർ നിയമങ്ങൾ ലംഘിച്ചുവെന്നാണ് സ്ക്രീൻ ഷോട്ടിലെ സന്ദേശം.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് നേരത്തേ മരവിപ്പിച്ചിരുന്നു. ഇതിനുപുറമെ മുതിർന്ന അഞ്ചു കോൺഗ്രസ് നേതാക്കളുടെയും ട്വിറ്റർ ഹാൻഡിലുകൾക്കെതിരെ സമാന നടപടി സ്വീകരിച്ചതായി കോൺഗ്രസ് അവകാശപ്പെട്ടിരുന്നു.
രൺദീപ് സുർജേവാല, എ.ഐ.സി.സി ജനറൽ െസക്രട്ടറിയും മുൻ മന്ത്രിയുമായ അജയ് മാക്കൻ, ലോക്സഭ വിപ്പ് മാണിക്കം ടാഗോർ, അസം നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജിതേന്ദ്ര സിങ്, മഹിള കോൺഗ്രസ് പ്രസിഡന്‍റ് സുഷ്മിത ദേവ് എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകളാണ് പൂട്ടിയതെന്നാണ് ആരോപണം.
ഡൽഹിയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ബാലികയുടെ കുടുംബത്തിനൊപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിനാണ് രാഹുലിന്‍റെ ട്വിറ്റർ അക്കൗണ്ട് പൂട്ടിയത്. ട്വീറ്റ് നീക്കം ചെയ്തതായും ട്വിറ്റർ ഡൽഹി കോടതിയെ അറിയിച്ചിരുന്നു. നേരത്തേ പെൺകുട്ടിയുടെ കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.