ന്യൂഡൽഹി: ഇസ്രായേൽ, ഫലസ്തീൻ സാഹചര്യങ്ങളിൽ ഉത്കണ്ഠ പ്രകടിപ്പിച്ച് കോൺഗ്രസ് പ്രവർത്തക സമിതി. ഭൂമിക്കും സ്വന്തം ഭരണകൂടത്തിനും അന്തസ്സാർന്ന ജീവിതത്തിനുമുള്ള ഫലസ്തീൻ ജനതയുടെ അവകാശങ്ങളെ പ്രവർത്തക സമിതി പിന്തുണച്ചു. അടിയന്തര വെടിനിർത്തൽ നടപ്പാക്കി നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംഭാഷണങ്ങൾ ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇസ്രായേലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുണ പ്രഖ്യാപിച്ചതിനിടയിലാണ് കോൺഗ്രസ് പ്രവർത്തക സമിതിയുടെ ഈ പ്രമേയം.
ബിഹാറിൽ ജാതിസെൻസസ് കണക്കുകൾ പുറത്തിറക്കിയതിനെ സ്വാഗതം ചെയ്ത പ്രവർത്തക സമിതി, സാമൂഹിക നീതിയിൽ സുപ്രധാന ചുവടാണിതെന്ന് ചൂണ്ടിക്കാട്ടി. ഒ.ബി.സിക്കുള്ളിലെ ഉപജാതി നിർണയത്തിനുള്ള ജസ്റ്റിസ് രോഹിണി കമീഷന്‍റെ ഉദ്ദേശ്യലക്ഷ്യത്തെയും സ്വാഗതം ചെയ്തു. എന്നാൽ, വിവിധ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതിയുടെ ഡേറ്റ ഇല്ലെങ്കിൽ ഇത് അപൂർണമായിരിക്കും. ഇനിയും പുറത്തുവിടാത്ത 2011ലെ സാമൂഹിക സാമ്പത്തിക ജാതി സെൻസസ് വിവരങ്ങൾ വഴിയോ പുതിയ സെൻസസ് വഴിയോ ആണ് ഇത് ലഭ്യമാവുക.
2011ലെ സാമൂഹിക, സാമ്പത്തിക, ജാതി സെൻസസ് ഡേറ്റ പുറത്തിറക്കാതെയും പുതിയ സെൻസസ് വൈകിച്ചും മോദി സർക്കാർ ഒ.ബി.സി-പാർശ്വവത്കൃത വിഭാഗങ്ങളെ വഞ്ചിച്ചു. സെൻസസ് പ്രവർത്തനം നടത്താത്ത സർക്കാർ ഭരണഘടനാപരമായ ചുമതല നിറവേറ്റുന്നതിൽ പരാജയപ്പെട്ടു. ജി20 രാജ്യങ്ങൾക്കിടയിൽ യഥാസമയം സെൻസസ് നടത്താത്ത ഏക രാജ്യമാണ് ഇന്ത്യ.
എഴുത്തുകാർക്കും മാധ്യമ പ്രവർത്തകർക്കുമെതിരെ അന്വേഷണ ഏജൻസികളെ ഇറക്കിവിടുന്നതിനെ പ്രവർത്തകസമിതി അപലപിച്ചു. പി.എം കെയേഴ്സ് ഫണ്ടിലേക്ക് ചൈനീസ് കമ്പനികളിൽനിന്ന് പണം സ്വീകരിച്ച സർക്കാർ ന്യൂസ് ക്ലിക്കിനും മാധ്യമ പ്രവർത്തകർക്കുമെതിരെ ഭീകരവിരുദ്ധ നിയമ പ്രകാരമുള്ള നടപടി സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണ്. രാഷ്ട്രീയ പ്രതിയോഗികൾക്കുനേരെയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള വേട്ട തുടരുകയാണ്.
അഞ്ചുമാസം കഴിഞ്ഞിട്ടും മണിപ്പൂർ ദുരന്തമായി തുടരുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി ആ നാടിനെയും ജനങ്ങളെയും കൈവിട്ടിരിക്കുകയാണെന്ന് പ്രവർത്തക സമിതി കുറ്റപ്പെടുത്തി. സിക്കിം പ്രളയ ദുരന്തത്തിൽ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.