ശ്രീനഗർ: ജമ്മു കശ്മീരിൽ ബുധനാഴ്ച അധികാരമേൽക്കുന്ന ഉമർ അബ്ദുല്ല സർക്കാറിന്‍റെ ഭാഗമാകാൻ കോൺഗ്രസ് ഉണ്ടാകില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ സർക്കാറിനെ പുറത്തുനിന്ന് പിന്തുണക്കും. ഇൻഡ്യ മുന്നണിയുടെ ഭാഗമായ കോൺഗ്രസും ഉമർ അബ്ദുല്ലയുടെ നാഷനൽ കോൺഫറൻസും ഒരുമിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പത്തു വർഷത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പിനു പിന്നാലെ സർക്കാർ രൂപവത്കരണത്തിന് അവകാശവാദമുന്നയിച്ച് ഉമർ അബ്ദുല്ല ലഫ്റ്റനന്റ് ഗവർണറെ പിന്തുണക്കുകയായിരുന്നു. പിന്നാലെ ആറ് വർഷത്തോളമായ രാഷ്ട്രപതി ഭരണം അവസാനിപ്പിക്കുകയും ചെയ്തു.
90 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 42 സീറ്റുകളുമായി നാഷനൽ കോൺഫറൻസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. നാല് സ്വതന്ത്രരുടെ പിന്തുണ കൂടി ലഭിച്ചതോടെ കോൺഗ്രസിന്‍റെ പിന്തുണയില്ലാതെ സർക്കാർ രൂപവത്കരിക്കാനുള്ള കേവല ഭൂരിപക്ഷം മറികടക്കുകയും ചെയ്തു. കോൺഗ്രസിന് ആറ് സീറ്റാണ് ലഭിച്ചത്. ബി.ജെ.പി 29 സീറ്റുകൾ നേടിയപ്പോൾ മെഹ്ബൂബ മുഫ്തിയുടെ പി.ഡി.പി മൂന്നും സജാത് ലോണിന്‍റെ പീപ്പിൾ കോൺഫറൻസ്, എ.എ.പി, സി.പി.എം എന്നിവ ഓരോ സീറ്റു വീതവും സ്വന്തമാക്കി. സ്വതന്ത്രർ ഏഴ് സീറ്റുകളിലാണ് ജയിച്ചത്.
ഇന്ദർവാലിൽ നിന്നുള്ള പ്യാരെലാൽ ശർമ, സതീഷ് ശർമ (ഛമ്പ്), ചൗധരി മുഹമ്മദ് അക്രം (സുരൻകോട്ട്), രമേശ്വർ സിങ് (ബനി) എന്നിവരാണ് ഉമർ അബ്ദുല്ലക്ക് പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്രർ. എ.എ.പി എം.എൽ.എയും സർക്കാറിനെ പിന്തുണച്ചേക്കുമെന്ന് സൂചനയുണ്ട്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിക്കൊപ്പം എട്ട് മന്ത്രിമാരും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.