അടുത്ത വർഷം നടക്കാനിരിക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിലും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം. പനാജിയില്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചിദംബരം. ഗോവയില്‍ കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത് ചിദംബരത്തിന്‍റെ നേതൃത്വത്തിലാണ്.
'ചരിത്രത്തിൽ നിന്ന് ഒരു കാര്യം ഞാൻ പറയട്ടെ... ഗോവയില്‍ ജയിച്ചാല്‍ ഡല്‍ഹിയിലും ജയിക്കും. 2007ൽ നമ്മള്‍ ഗോവ നേടി. 2009ൽ നമ്മൾ ലോക്ഭാ തെരഞ്ഞെടുപ്പിലും വിജയിച്ചു. 2012ൽ നിർഭാഗ്യവശാൽ നമുക്ക് ഗോവ നഷ്ടപ്പെട്ടു. 2014ൽ നമ്മള്‍ കേന്ദ്രത്തിലും തോറ്റു. 2017ൽ നിങ്ങൾ (പാർട്ടിയംഗങ്ങൾ) ഗോവയില്‍ വിജയിച്ചു. പക്ഷേ നമ്മുടെ നിയമസഭാംഗങ്ങൾക്ക് ഗോവ നഷ്ടമായി'- ചിദംബരം പറഞ്ഞു.
2017ലെ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ 40 അംഗ സഭയിൽ 17 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നെങ്കിലും ഇരുട്ടി വെളുത്തപ്പോഴേക്കും ബി.ജെ.പി സർക്കാറുണ്ടാക്കിയിരുന്നു. സ്വതന്ത്രരെയും ചില പ്രാദേശിക പാര്‍ട്ടികളെയും ഒപ്പം നിര്‍ത്തിയാണ് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചത്. പിന്നീട് നിരവധി കോണ്‍ഗ്രസ് എം.എൽ.എമാരും ബി.ജെ.പിയിലെത്തി. നിലവില്‍ നാല് എം.എല്‍.എമാര്‍ മാത്രമാണ് ഗോവയില്‍ കോണ്‍ഗ്രസിനുളളത്. ഇതിനെ സൂചിപ്പിച്ചാണ് 'നിയമസഭാംഗങ്ങൾക്ക് ഗോവ നഷ്ടമായി' എന്ന് ചിദംബരം പറഞ്ഞത്.
ഇത്തവണ കോൺഗ്രസ് പാർട്ടി ആത്മവിശ്വാസത്തോടെയാണ് മുന്നോട്ട് പോവുന്നതെന്നും 2022ൽ ഗോവയും 2024ൽ ഡൽഹിയും പിടിക്കുമെന്നും ചിദംബരം പറഞ്ഞു. ചരിത്രം നമ്മുടേതാണെന്ന് ചിദംബരം കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞു. ഗോവയുടെ സുവര്‍ണ വര്‍ഷങ്ങള്‍ തിരികെവരും. വ്യവസായം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകളിലെ മുന്‍കാല വികസനം ഓര്‍ക്കണമെന്നും ചിദംബരം പറഞ്ഞു.
'ഗോവയ്ക്ക് ഒരു അധിനിവേശക്കാരന്‍റെയും രാഷ്ട്രീയ കോളനിയാകാൻ കഴിയില്ല. ഗോവ ഗോവക്കാരുടേതാണ്. ഗോവയെ ഗോവക്കാര്‍ തന്നെ ഭരിക്കും'-ചിദംബരം പറഞ്ഞു. കൂടുതല്‍ യുവനേതാക്കള്‍ ഗോവയില്‍ നിന്നു ഉയര്‍ന്നുവരും. സ്ത്രീകൾ, പട്ടികവർഗക്കാർ, മത്സ്യത്തൊഴിലാളികള്‍, ദലിതർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ളവര്‍ നേതൃനിരയില്‍ വരുമെന്നും ചിദംബരം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.