ബംഗളൂരു: കർണാടകയിലെ നഗര തദ്ദേശ-മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ മറികടന്ന് കോൺഗ്രസിന് മികച്ച നേട്ടം.58 നഗര തദ്ദേശ ഭരണസ്ഥാപനങ്ങളിലെ 1184 സീറ്റുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 498ഉം ബി.ജെ.പി 437ഉം ജെ.ഡി-എസ് 45ഉം സീറ്റ് നേടി. മറ്റു പാർട്ടികളും സ്വതന്ത്രരുമായി 204 സീറ്റ് പങ്കിട്ടു. സംസ്ഥാനത്തെ ഭരണകക്ഷിയായ ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് തിരിച്ചടിയായി. 2023ൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസിെൻറ ശക്തിപ്രകടനം കൂടിയായി ഫലം.
അഞ്ച് സിറ്റി മുനിസിപ്പൽ കൗൺസിലായി 166 വാർഡുകളിലും 19 ടൗൺ മുനിസിപ്പൽ കൗൺസിലിലായി 441 വാർഡുകളിലും 34 പട്ടണ പഞ്ചായത്തുകളിലായി 577 വാർഡുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. സിറ്റി മുനിസിപ്പൽ കൗൺസിലിൽ ബി.ജെ.പി 67ഉം കോൺഗ്രസ് 61ഉം ജെ.ഡി-എസ് 12ഉം മറ്റുള്ളവർ 26ഉം സീറ്റ് നേടി. ടൗൺ മുനിസിപ്പൽ കൗൺസിലിൽ കോൺഗ്രസ് 201ഉം ബി.ജെ.പി 176ഉം ജെ.ഡി-എസ് 21ഉം മറ്റുള്ളവർ 43ഉം സീറ്റിൽ ജയിച്ചു. പട്ടണ പഞ്ചായത്തിൽ കോൺഗ്രസ് 236ഉം ബി.ജെ.പി 194ഉം ജെ.ഡി-എസ് 12ഉം മറ്റുള്ളവർ 135ഉം സീറ്റിൽ വിജയികളായി. 42.06 ശതമാനം വോട്ട് കോൺഗ്രസിന് ലഭിച്ചപ്പോൾ ബി.ജെ.പി 36.90 ശതമാനത്തിലൊതുങ്ങി. ജെ.ഡി-എസിന് 3.80 ശതമാനവും മറ്റുള്ളവർക്ക് 17.22 ശതമാനവും വോട്ട് ലഭിച്ചു.
മികച്ച വിജയം നേടിയ കർണാടക കോൺഗ്രസിനെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു. സർക്കാറിനെ കുറിച്ച ജനങ്ങളുടെ പ്രതീക്ഷയില്ലായ്മയുടെ പ്രതിഫലനമാണ് നഗര തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പ്രതികരിച്ചു. കർണാടകയിൽ കോൺഗ്രസ് തരംഗമാണുള്ളതെന്ന് ഈ ഫലം തെളിയിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പണത്തിെൻറ അധികാരത്തിലല്ലാതെ ജനങ്ങളുടെ വോട്ടുനേടി ഭരണത്തിലെത്താൻ ബി.ജെ.പിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫലം ഭിന്നിപ്പിെൻറ രാഷ്ട്രീയത്തിെൻറ പ്രതിഫലനം- സുർജെവാല
ബംഗളൂരു: കർണാടകയിലെ നഗര തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം ബി.ജെ.പിയുടെ ഭിന്നിപ്പിക്കൽ രാഷ്ട്രീയത്തിനുള്ള മറുപടിയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജെവാല. മതപരിവർത്തന നിരോധന ബിൽ അടക്കമുള്ള സർക്കാറിെൻറ നടപടികളെ പുരോഗമനവാദികളായ കർണാടകക്കാർ തള്ളിയിരിക്കുന്നു. ഭിന്നിപ്പിെൻറ രാഷ്ട്രീയം ജനംതിരിച്ചറിഞ്ഞിരിക്കുന്നു. അഴിമതിക്കാരായ ബൊമ്മൈ സർക്കാർ അധികാരത്തിൽ തുടരുന്ന ഓരോ നിമിഷത്തിലും വികസനവും പുരോഗതിയും പുറന്തള്ളപ്പെടുകയാണ്. കോൺഗ്രസിന് മഹത്തായ ജയം സമ്മാനിച്ച കന്നടിഗർക്ക് നന്ദി അറിയിക്കുന്നതായും സുർജെ വാല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.