വീടുവീടാന്തരം ഗാരന്റി കാർഡുമായി കോൺഗ്രസ്

ന്യൂഡൽഹി: മോദിയുടെ ഗാരന്റിയെ വെല്ലാൻ തങ്ങളുടെ ന്യായ് ഗാരന്റി കാർഡുമായി വീടുവീടാന്തരമുള്ള കോൺഗ്രസ് കാമ്പയിന് ഇനിയും സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്ത ഡൽഹിയിൽ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ബുധനാഴ്ച തുടക്കമിട്ടു. കോൺഗ്രസിന്റെ ന്യായ് ഗാരന്റികൾ ജനങ്ങളിലെത്തിക്കാനുള്ള ഗൃഹ സമ്പർക്ക പരിപാടിക്കാണ് ആപ്പുമായുള്ള ധാരണ പ്രകാരം കോൺഗ്രസിന് കിട്ടിയ വടക്കുകിഴക്കൻ ഡൽഹി മണ്ഡലത്തിൽ ഖാർഗെ തുടക്കം കുറിച്ചത്. ഡൽഹിയിലെ ഏഴ് മണ്ഡലങ്ങളിൽ നാലിൽ ആപ്പും മൂന്നിൽ കോൺഗ്രസുമാണ് മത്സരിക്കുന്നത്. ആപ് നാലിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണ രംഗത്ത് ഏറെ മുന്നോട്ടുപോയെങ്കിലും കോൺഗ്രസ് ഒരു മണ്ഡലത്തിലും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.

ഏതൊക്കെ ഗാരന്റി മോദി പറഞ്ഞുവോ അതൊന്നും നടപ്പാക്കിയില്ലെന്ന് ഗാരന്റി കാർഡുകൾ വിതരണം ചെയ്ത് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. എന്നിട്ടും മോദിയുടെ ഗാരന്റി എന്ന് കള്ളം പറയുകയാണ്. രണ്ടുകോടി തൊഴിൽ നൽകുമെന്ന് പറഞ്ഞു. ആ ഗാരന്റി നടപ്പാക്കിയില്ല. 15 ലക്ഷം വീതം നൽകുമെന്ന് പറഞ്ഞതും ജനങ്ങൾക്ക് നൽകിയില്ല. കർഷകർക്ക് വിളകൾക്ക് ഇരട്ടി വില നൽകുമെന്നും ചുരുങ്ങിയ താങ്ങുവില വർധിപ്പിക്കുമെന്നും പറഞ്ഞതും ഇല്ല. കടം എഴുതിത്തള്ളിയില്ല. എന്നാൽ, കോൺഗ്രസ് പ്രഖ്യാപിച്ച 25 ഗാരന്റികളും നടപ്പാക്കുമെന്ന് ഖാർഗെ തുടർന്നു.

മഹാലക്ഷ്മി പദ്ധതി പ്രകാരം കുടുംബത്തിലെ മുതിർന്ന സ്ത്രീക്ക് ഓരോ വർഷവും ലക്ഷം രൂപ നൽകും. 30 ലക്ഷം സർക്കാർ തസ്തികകളിലെ ഒഴിവുകൾ നികത്തും. അതിൽ 50 ശതമാനം എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്ക് സംവരണം നൽകും. അസംഘടിത തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കും. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയും. യുവരോഷ്നി പദ്ധതിയിൽ വൈദഗ്ധ്യ പരിശീലനത്തിന് അഞ്ചുകോടി മാറ്റിവെക്കും. മൻമോഹൻ സിങ്ങിന്റെ കാലത്ത് 72,000 കോടി രൂപ എഴുതിത്തള്ളിയതുപോലെ കർഷക കടം എഴുതിത്തള്ളും. തൊഴിലുറപ്പു പദ്ധതിക്കുകീഴിൽ മിനിമം 400 രൂപ ചുരുങ്ങിയ വേതനം നൽകും.

25 ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷയുള്ള ആരോഗ്യ പദ്ധതി നടപ്പാക്കും. ജാതി സെൻസസ് നടത്തും. സാവിത്രിഭായ് ഫൂലെ ഹോസ്റ്റൽ സ്ഥാപിക്കും. സമൂഹത്തിലെ നീതി ലഭിക്കാത്ത വിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കും. സ്കൂളിലെ ഉച്ചഭക്ഷണ പാചകക്കാർക്കും ആശാ ജീവനക്കാർക്കും തൊഴിൽ സുരക്ഷയുണ്ടാക്കുമെന്നും ഖാർഗെ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Congress with door to door guarantee card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.