ന്യൂഡൽഹി: യു.പി തെരഞ്ഞെടുപ്പിൽ യുവജന പ്രകടന പത്രികയുമായി കോൺഗ്രസ്. 40 വർഷമായി തൊഴിലില്ലായ്മയാണ് സംസ്ഥാനത്തെ യുവജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നമെന്നിരിക്കേ, പ്രതിവർഷം 20 ലക്ഷം തൊഴിലവസരങ്ങൾ പാർട്ടി വാഗ്ദാനം ചെയ്തു. ഇതിൽ എട്ടു ലക്ഷം വനിതകൾക്ക് നൽകും. 40 ശതമാനം സ്ഥാനാർഥികൾ വനിതകളായിരിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണിത്.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്നാണ് എ.ഐ.സി.സി ആസ്ഥാനത്ത് പ്രകടന പത്രിക പുറത്തിറക്കിയത്. യു.പിയിലെ യുവസമൂഹത്തിന് പുതിയ ദിശാബോധം നൽകുകയാണ് പാർട്ടിയുടെ ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തൊഴിലവസരം നൽകുമെന്നത് പൊള്ളയായ വാഗ്ദാനമല്ല. അധികാരത്തിൽ വന്നാൽ നടപ്പാക്കുക തന്നെ ചെയ്യും. അധ്യാപക, പൊലീസ് വിഭാഗങ്ങളിലെ ഒഴിവുകൾ നികത്തും. പരീക്ഷ സംവിധാനങ്ങൾ അഴിമതി മുക്തമാക്കും. യുവാക്കളുമായി കൂടിയാലോചിച്ചാണ് പ്രകടന പത്രിക തയാറാക്കിയതെന്നും രാഹുൽ പറഞ്ഞു.
വികസനത്തിൽ കേന്ദ്രീകരിച്ച് കോൺഗ്രസ് പ്രചാരണം മുന്നോട്ടു നീക്കും. വിദ്വേഷം പരത്താനല്ല, ജനങ്ങളെ ഒന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ഇരുവരും വിശദീകരിച്ചു. തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ ആവശ്യമായി വന്നാൽ ഏതു പാർട്ടിയേയും പിന്തുണക്കുമെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.