'മുഹബ്ബത്തിന്റെ കടയിൽ ഹിന്ദുവും മുസൽമാനും ഒന്ന്'; യു.പി സർക്കാരിന്റെ വിദ്വേഷത്തിനെതിരെ ​പോസ്റ്ററുമായി കോൺഗ്രസ് -വിഡിയോ

ലഖ്നോ: മുസഫർ നഗറിൽ കൻവാർ യാത്ര കടന്നുപോകുന്ന വഴികളിലെ കച്ചവടക്കാർ കടകളിൽ തങ്ങളുടെ പേരുകൾ എഴുതിയ ബോർഡ് പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ വിവാദ ഉത്തരവിനെതിരെ പ്രതിഷേധം ഉയരുകയാണ്. കോൺഗ്രസ് പ്രവർത്തകർ വേറിട്ട പ്രതിഷേധത്തിലൂടെയാണ് യോഗി സർക്കാരിന്റെ വിവാദ ഉത്തരവിനെ നേരിടുന്നത്. അതിന്റെ ഭാഗമായി, മുസഫർനഗറിലുടനീളം ഉത്തരവിനെതിരെ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം വിളിച്ചോതുന്ന പോസ്റ്ററുകൾ പതിച്ചു. 'മുഹബ്ബത്തിന്റെ കടയിൽ ഹിന്ദു-മുസ്‍ലിം വേർതിരിവില്ല​​' എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. സർക്കാരിന്റെ കൊടും വിദ്വേഷത്തിനെതിരെ മൂന്നുദിവസത്തെ പ്രചാരണമാണ് കോൺഗ്രസ് പ്രവർത്തകർ നടത്തിയത്.

കടകളിലും ഉന്തുവണ്ടികളിലും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കൻവാർ യാത്രയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ. പോസ്റ്ററിൽ രാഹുൽ ഗാന്ധിയുടെ ചിത്രവുമുണ്ട്. പ്രാദേശിക കോൺഗ്രസ് നേതാവ് ഇർഷാദുല്ലയുടെ നേതൃത്വത്തിലാണ് ഈ വേറിട്ട പ്രതിഷേധം തുടങ്ങിയത്. യു.പി സർക്കാരിന്റെ ഉത്തരവ് ഭരണഘടനക്കെതിരും ജനാധിപത്യ വിരുദ്ധവുമാണെന്ന് ഇർഷാദുല്ലയും മറ്റൊരു കോൺഗ്രസ് നേതാവ് അബ്ദുൽ കലാം ആസാദും പ്രതികരിച്ചു.

ഹിന്ദു-മുസ്‍ലിം സംസ്കാരങ്ങൾക്കും എതിരാണിത്. രാജ്യത്ത് വിവിധ മതവിഭാഗങ്ങൾക്കിടയിൽ സ്നേഹവും സാഹോദര്യവും ഐക്യവും വളർത്തുന്ന സംഭാഷണങ്ങളാണ് വേണ്ടത്. അല്ലാതെ ഹിന്ദുക്കളെയും മുസ്‍ലിംകളെയും വേർപിരിക്കാൻ ശ്രമിക്കുകയല്ല വേണ്ടതെന്നും ഇരുവരും പറഞ്ഞു. വിവാദ ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. കൻവാർ യാത്രയിൽ പ​ങ്കെടുക്കുന്ന തീർഥാടകർക്കു നേരെ മുസ്‍ലിം സഹോദരങ്ങൾ പുഷ്പാഭിഷേകം നടത്താറുണ്ട്. വെള്ളവും സർബത്തും ഭക്ഷണവും നൽകിയാണ് അവർ തങ്ങളുടെ സഹോദരങ്ങളെ സ്വീകരിക്കാറുള്ളത്. എന്നാൽ ഈ സാഹോദ്യം തകർക്കാനാണ് യോഗി സർക്കാർ ലക്ഷ്യമിടുന്നത്.

Tags:    
News Summary - Congress workers started protesting against order of the Yogi government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.