ന്യൂഡൽഹി: ഇൻഡ്യ സഖ്യത്തിൽ സീറ്റ് പങ്കിടുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ ആരംഭിച്ചതിന് പിന്നാലെ മൂന്ന് സംസ്ഥാനങ്ങളിൽ പ്രതിസന്ധി. കോൺഗ്രസും മറ്റ് പാർട്ടികളും തമ്മിലുള്ള സീറ്റ് പങ്കിടൽ ചർച്ചകളിലാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ ഒറ്റക്ക് മത്സരിക്കുകയാണെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു.
പശ്ചിമബംഗാളിൽ ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയും പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ 23 സീറ്റുകളാണ് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതും ചർച്ചകളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ദേശീയതലത്തിൽ ഇൻഡ്യ സഖ്യത്തിനൊപ്പമാണെങ്കിൽ പശ്ചിമബംഗാളിൽ ഒറ്റക്ക് മത്സരിക്കാനാണ് തീരുമാനമെന്ന് മമത അറിയിച്ചു. ഒറ്റക്ക് തന്നെ ബി.ജെ.പിയെ വീഴ്ത്താൻ തൃണമൂലിനാകും. ബംഗാളിൽ ബി.ജെ.പിയെ ഒരു പാഠം പഠിപ്പിക്കാൻ തൃണമൂലിന് മാത്രമേ സാധിക്കുവെന്നും മമത ബാനർജി പറഞ്ഞു. കോൺഗ്രസുമായോ ഇടതുപാർട്ടികളുമായോ സീറ്റ് പങ്കിടലില്ലെന്നാണ് മമത വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിൽ കോൺഗ്രസ് ഒറ്റക്കായിരുന്നു മത്സരിച്ചത്. ഭൂരിപക്ഷം കോൺഗ്രസ് നേതാക്കളും ഇടതുപാർട്ടികളുമായി സഖ്യമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഒറ്റക്ക് മത്സരിക്കാനായിരുന്നു ദേശീയനേതൃത്വത്തിന്റെ തീരുമാനം. 42 സീറ്റുകളിൽ കോൺഗ്രസിന് രണ്ട് സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. തൃണമൂൽകോൺഗ്രസ് 22 സീറ്റ് നേടി.
മഹാരാഷ്ട്രയിൽ 23 സീറ്റുകളാണ് ഉദ്ധവ് വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് നൽകാൻ കഴിയില്ലെന്ന് കോൺഗ്രസ് അറിയിച്ചുകഴിഞ്ഞു. സീറ്റുകളുടെ കാര്യത്തിൽ മഹാരാഷ്ട്രയിൽ വിട്ടുവീഴ്ച വേണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ചവാൻ ആവശ്യപ്പെട്ടു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസും എൻ.സി.പിയും ചേർന്നാണ് മഹാരാഷ്ട്രയിൽ മത്സരിച്ചത്. കോൺഗ്രസിന് സംസ്ഥാനത്ത് ഒരു സീറ്റ് നേടാൻ മാത്രമാണ് കഴിഞ്ഞത്. എൻ.സി.പി നാല് സീറ്റിൽ വിജയിച്ചു. ബി.ജെ.പിക്കൊപ്പം കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിനെ നേരിട്ട ശിവസേനക്ക് 18 സീറ്റുകളിൽ വിജയിക്കാൻ സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.