റായ്പൂര്‍: വെറുപ്പിലൂടെയല്ല, സ്‌നേഹത്തിന്റെ പാതയിലാണ് ജനങ്ങളെ ഒന്നിപ്പിക്കേണ്ടതെന്ന് ആർ.എസ്.എസ്‍ സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ. 'ഭാരതത്തിലെ ജനങ്ങളെ ഒരുമിപ്പിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, അത് വെറുപ്പിന്റെയോ സ്‌നേഹത്തിന്റെയോ അടിസ്ഥാനത്തിലെന്നതാണ് പ്രശ്‌നം. ഭാരതത്തെ ഏകാത്മകമാക്കുന്ന സത്ത ആത്മീയതയാണ്. അതിന്റെ പേര് ഹിന്ദുത്വമെന്നാണ്. അതൊരു മതമല്ല. ഈ സത്യം മനസ്സിലാക്കി രാജ്യത്തെ ജനങ്ങളെ ഒരുമിച്ചു ചേര്‍ക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നെങ്കില്‍ അത് സ്വാഗതാര്‍ഹമാണ്' -വൈദ്യ പറഞ്ഞു.
റായ്പൂരില്‍ ചേര്‍ന്ന അഖില ഭാരതീയ സമന്വയ ബൈഠക്കിനെ കുറിച്ചുള്ള വാർത്താ സമ്മേളനത്തിനിടെ, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആർഎസ്എസിന്റെ കാക്കി ട്രൗസറിന് തീപിടിക്കുന്ന ചിത്രം കോൺഗ്രസ് തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു. 'ബി.ജെ.പി-ആർ.എസ്.എസ് കേന്ദ്രങ്ങൾ രാജ്യത്തിന് വരുത്തിവെച്ച നാശനഷ്ടങ്ങൾ ഇല്ലാതാക്കാനും രാജ്യത്തെ വിദ്വേഷത്തിന്റെ ചങ്ങലക ളിൽ നിന്ന് മോചിപ്പിക്കാനുമാണ് ഭാരത് ജോഡോ യാത്ര. പടിപടിയായി ഞങ്ങൾ ലക്ഷ്യത്തിലെത്തും' എന്ന കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവെച്ചത്. ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് വൈദ്യയുടെ പ്രതികരണം.
'അവര്‍ (കോൺഗ്രസ്) ആര്‍.എസ്.എസിനെതിരേ വിദ്വേഷം പ്രചരിപ്പിച്ച് ജനങ്ങളെ ഒരുമിപ്പിച്ചു ചേര്‍ക്കാമെന്നാണ് കരുതുന്നത്. അത്തരം ഗിമ്മിക്കുകള്‍ കൊണ്ട് നേട്ടമുണ്ടാകുമെന്നു തോന്നുന്നില്ല. നിങ്ങള്‍ മറ്റുള്ളവര്‍ക്കെതിരേ വിദ്വേഷം പരത്തി അതിന്റെ പേരില്‍ ജനങ്ങളെ കൂട്ടാമെന്നു കരുതുന്നത് വെറും രാഷ്ട്രീയ ഗിമ്മിക്കായേ കാണാനാകൂ' -വൈദ്യ പറഞ്ഞു.
ആർ.എസ്.എസിനെതിരേ വിദ്വേഷ പ്രചാരണം കോൺഗ്രസ് ഇപ്പോള്‍ തുടങ്ങിയതല്ലെന്നും പാരമ്പര്യമായി ചെയ്തുവരുന്നതാണെന്നും ആർ.എസ്.എസ് നേതാവ് പറഞ്ഞു. 'സംഘത്തെ അവര്‍ നിരോധിച്ചു നോക്കി. എന്നിട്ടും സംഘം വളരുകയായിരുന്നു. അതിന്റെ കാരണം സംഘം പ്രവര്‍ത്തിക്കുന്നത് സത്യത്തെ ആധാരമാക്കിയാണ് എന്നതാണ്. സമാജത്തിന്റെയും സമര്‍പ്പിതരായ സ്വയംസേവകരുടെയും കരുത്തില്‍ സംഘം കൂടുതല്‍ വളരുകയാണ്' -വൈദ്യ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.