ന്യൂഡൽഹി: ഡെപ്യൂട്ടി സ്പീക്കർ പദവി നൽകിയാൽ ലോക്സഭ സ്പീക്കർ തെരഞ്ഞെടുപ്പിൽ സമവായമാകാമെന്ന് പ്രതിപക്ഷം. സ്പീക്കർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചിരുന്നു. ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിന് നൽകിയാൽ സ്പീക്കർ പദവിയിൽ മത്സരം ഒഴിവാക്കാമെന്നാണ് നേതാക്കൾ മറുപടി നൽകിയത്.
ലോക്സഭ സ്പീക്കറായി കഴിഞ്ഞ തവണത്തെ സ്പീക്കറും ബി.ജെ.പി എം.പിയുമായ ഓം ബിർളയെ നിയമിക്കാൻ എൻ.ഡി.എ ഘടകകക്ഷികൾക്കിടയിൽ ധാരണയായി. അതേസമയം, ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിന് നൽകിയാൽ സ്പീക്കർ പദവിയിൽ ഓം ബിർളയോ, പുരന്ദേശ്വരിയോ ആരായാലും തങ്ങൾക്ക് പ്രശ്നമില്ലെന്ന് പ്രതിപക്ഷം അറിയിച്ചു.
ഡെപ്യൂട്ടി സ്പീക്കർ പദവിയിലെ പ്രതിപക്ഷ ആവശ്യം അംഗീകരിച്ചാൽ സ്പീക്കർ പദവിയിൽ മത്സരമുണ്ടാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് 'മാധ്യമ'ത്തോട് പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ പദവി നൽകിയില്ലെങ്കിൽ സ്പീക്കർ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്താനാണ് തീരുമാനം.
എന്നാൽ, ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിന് നൽകുന്നത് സംബന്ധിച്ച് ഒരു ഉറപ്പും നൽകാൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.