ലഖ്നോ: തകർക്കപ്പെട്ട ബാബരി മസ്ജിദിന് പകരമായി അയോധ്യയിലെ ധന്നിപൂരിൽ സർക്കാർ അനുവദിച്ച ഭൂമിയിൽ പള്ളി നിർമാണം മേയിൽ ആരംഭിക്കാൻ സാധ്യത. പള്ളിയുടെ രൂപകൽപന നടന്നുവരികയാണെന്നും ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാകുമെന്നും നിർമാണ ചുമതലയുള്ള ഇന്തോ- ഇസ്ലാമിക് കൾചറൽ ഫൗണ്ടേഷൻ ചീഫ് ട്രസ്റ്റിയും ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡ് ചെയർമാനുമായ സഫർ ഫാറൂഖി പറഞ്ഞു.
മുഹമ്മദ് ബിൻ അബ്ദുല്ല അയോധ്യ മോസ്ക് എന്ന് പേരിട്ട പള്ളിയുടെ രൂപകൽപനയിൽ വരുത്തിയ കാതലായ മാറ്റങ്ങൾമൂലമാണ് നിർമാണം വൈകുന്നത്. സാമ്പത്തിക ബുദ്ധിമുട്ടും മറ്റൊരു കാരണമാണ്. പുതിയ രൂപകൽപനയുടെ ഭരണപരമായ അംഗീകാരത്തിനുശേഷം ഫെബ്രുവരിയിൽതന്നെ സൈറ്റ് ഓഫിസ് സ്ഥാപിക്കും. ഇതിനുശേഷം പണപ്പിരിവ് ആരംഭിക്കും. വിവിധ സംസ്ഥാനങ്ങളിൽ പ്രതിനിധികളെ നിശ്ചയിച്ചാകും പണപ്പിരിവ് നടത്തുക. ആവശ്യമെങ്കിൽ വെബ്സൈറ്റ് വഴി ഓൺലൈനായി ക്രൗഡ് ഫണ്ടിങ് നടത്തും. മേയോടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
15,000 ചതുരശ്ര അടിയിൽ നിർമിക്കാൻ ഉദ്ദേശിച്ചിരുന്ന പള്ളിയുടെ ആദ്യ രൂപകൽപന അധികൃതർ തള്ളിയിരുന്നു. 40,000 ചതുരശ്ര അടിയിലുള്ള ഡിസൈനാണ് ഇപ്പോൾ തയാറാക്കുന്നത്. ഇന്ത്യൻ രീതിയിലുള്ള രൂപകൽപനക്ക് പകരം മിഡിലീസ്റ്റ് രാജ്യങ്ങളിലേതിന് സമാനമായാണ് ഒരുങ്ങുന്നത്. പള്ളിക്ക് പുറമെ അഞ്ചേക്കർ സ്ഥലത്ത് ആശുപത്രി, ലൈബ്രറി, സാമൂഹിക അടുക്കള, മ്യൂസിയം, ഗവേഷണകേന്ദ്രം എന്നിവയടങ്ങുന്ന സമുച്ചയമായിരിക്കും ഉയരുകയെന്ന് ഇന്തോ- ഇസ്ലാമിക് കൾചറൽ ഫൗണ്ടേഷൻ സെക്രട്ടറി അത്തർ ഹുസൈൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.