ഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ സുപ്രിംകോടതി വിധി വന്ന് മൂന്നു വര്‍ഷത്തിനു ശേഷവും അയോധ്യയിലെ മസ്ജിദ് നിര്‍മാണം എങ്ങുമെത്തിയില്ല. അയോധ്യ ക്ഷേത്ര നിര്‍മാണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമ്പോള്‍, മസ്ജിദ് നിര്‍മാണത്തിനുള്ള അനുമതിക്കായുള്ള കാത്തിരിപ്പ് തുടരുകയാണെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
2019 നവംബറിലാണ് രാമക്ഷേത്ര നിര്‍മാണത്തിന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് അനുമതി നല്‍കിയത്. 1000 പേജുള്ള അതേ ഉത്തരവിൽ, കേന്ദ്രമോ ഉത്തർപ്രദേശ് സര്‍ക്കാരോ സുന്നി സെൻട്രൽ വഖഫ് ബോർഡിന് അയോധ്യയിൽ മസ്ജിദ് നിര്‍മിക്കാന്‍ പ്രധാനപ്പെട്ടതും അനുയോജ്യവുമായ അഞ്ച് ഏക്കർ സ്ഥലം അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ക്ഷേത്രത്തിനായുള്ള നിർദിഷ്ട ട്രസ്റ്റിലേക്ക് സ്ഥലം കൈമാറുന്നതിനൊപ്പം ഇതും ചെയ്യണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
2020 ഫെബ്രുവരിയിൽ ധനിപുരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുന്നി സെൻട്രൽ വഖഫ് ബോർഡിന് സ്ഥലം അനുവദിച്ചു. അയോധ്യയില്‍ നിര്‍മാണത്തിലിരിക്കുന്ന ക്ഷേത്രത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണിത്. പള്ളി നിർമാണ മേല്‍നോട്ടത്തിനായി വഖഫ് ബോർഡ് ഇന്തോ - ഇസ്‍ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐ.ഐ.സി.എഫ്) എന്ന പേരിൽ കമ്മിറ്റി രൂപീകരിച്ചു.
"ഭൂമി അനുവദിച്ചതിന് ശേഷം ഒന്നും മുന്നോട്ട് പോയില്ല. ഞങ്ങൾക്ക് നല്ല സ്ഥലത്ത് ഭൂമി ലഭിച്ചില്ല. ഇത് നഗരത്തിന്റെ പ്രാന്തപ്രദേശമാണ്"- പേരു വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിൽ ഒരു ഐ.ഐ.സി.എഫ് അംഗം പറഞ്ഞതായി ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു. 4500 ചതുരശ്ര മീറ്ററുള്ള മസ്ജിദിന് പുറമെ ആശുപത്രി, സാമൂഹ്യ അടുക്കള, ലൈബ്രറി, സ്വാതന്ത്ര്യ സമര സേനാനി മൗലവി അഹമ്മദുല്ല ഷായുടെ പേരിലുള്ള ഗവേഷണ കേന്ദ്രം എന്നിവ ഉൾപ്പെടുന്ന പദ്ധതിക്ക് അംഗീകാരം ലഭിക്കുക എന്നതായിരുന്നു ആദ്യ തടസ്സമെന്ന് ഐ.ഐ.സി.എഫ് അംഗം പറഞ്ഞു.
പള്ളിയുടെ രൂപരേഖ അയോധ്യ വികസന അതോറിറ്റിക്ക് (എ.ഡി.എ) സമർപ്പിച്ചു. കമ്മിറ്റി അംഗങ്ങള്‍ മാസങ്ങളോളം കാത്തിരുന്നു. അപേക്ഷകൾ ഓൺലൈനായി നൽകണമെന്ന അറിയിപ്പ് ലഭിച്ചു- "ഞങ്ങൾ ഓൺലൈനിലും അപേക്ഷിച്ചു. എന്നാൽ ഡിസൈന്‍റെ അന്തിമ അംഗീകാരത്തിനായി വിവിധ വകുപ്പുകളിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) ലഭിക്കേണ്ടതുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കി. ഈ പ്രക്രിയയ്ക്ക് ഒരു വർഷത്തിലധികം സമയമെടുത്തു. മിക്ക എൻ.ഒ.സികളും ലഭിച്ചു. പക്ഷേ പുറത്തെ റോഡിന് കുറഞ്ഞത് 12 മീറ്ററെങ്കിലും വീതിയുണ്ടാകണമെന്ന് പറഞ്ഞ് അഗ്നിശമന വിഭാഗം എന്‍.ഒ.സി നിഷേധിച്ചു".
ഐ.ഐ.സി.എഫ് അംഗമായ അർഷാദ് അഫ്‌സൽ ഖാൻ ദിവസവും 50 കിലോമീറ്ററോളം സഞ്ചരിച്ച് പള്ളിക്കായി അനുവദിച്ച സ്ഥലത്തെത്തും. എ.ഡി.എ ഓഫീസ്, ഡി.എം ഓഫീസ്, മറ്റ് ഡിപ്പാർട്ട്‌മെന്റുകൾ എന്നിവ സന്ദര്‍ശിച്ച് പള്ളി നിര്‍മാണത്തിനുള്ള തടസ്സം നീക്കുകയാണ് ലക്ഷ്യം. റോഡ് വീതികൂട്ടണമെന്ന് അഫ്‌സൽ ഖാൻ എ.ഡി.എയോട് അഭ്യർഥിച്ചെങ്കിലും ഇത് പരിഗണിക്കുന്നതിനിടെ മറ്റൊരു തടസ്സം ഉയർന്നുവന്നു.
"കൃഷിഭൂമിയായതിനാൽ ഞങ്ങൾക്ക് നൽകിയ ഭൂമിയില്‍ ഒരു നിർമാണവും നടത്താൻ കഴിയില്ലെന്ന് അഞ്ച് മാസം മുന്‍പാണ് എനിക്ക് അറിയിപ്പ് ലഭിച്ചത്. ഭൂമി ക്രമപ്പെടുത്തി നല്‍കാന്‍ എ.ഡി.എയ്ക്കും സംസ്ഥാന സർക്കാരിനും കത്തെഴുതിയിട്ടുണ്ട്, പക്ഷേ ഇതുവരെ തീരുമാനമായിട്ടില്ല"- ഐ.ഐ.സി.എഫ് സെക്രട്ടറി അതർ ഹുസൈൻ സിദ്ദിഖി പറഞ്ഞു.
അതേസമയം പള്ളിയുടെ നിര്‍മാണത്തിന് ഭരണപരമായ തടസ്സങ്ങളൊന്നുമില്ലെന്നും സ്വാഭാവികമായ കാലതാമസം മാത്രമാണെന്നും അയോധ്യ ഡവലപ്മെന്റ് അതോറിറ്റി സെക്രട്ടറി സത്യേന്ദ്ര സിങ് പറഞ്ഞു- "സർക്കാരിൽ നിന്ന് എല്ലാ അനുമതിയും ലഭിച്ചിട്ടുണ്ട്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കുന്ന എ.ഡി.എ ബോർഡ് യോഗത്തിന് മുമ്പാകെ വിഷയം അവതരിപ്പിക്കും. യോഗത്തിൽ എല്ലാം വ്യക്തമാകും".
ക്രൗഡ് ഫണ്ടിങിലൂടെയാണ് പള്ളിയുടെ നിര്‍മാണത്തിനുള്ള പണം കണ്ടെത്തുന്നത്. ഐ.ഐ.സി.എഫിന് ഇതുവരെ 40 ലക്ഷം രൂപ സംഭാവന ലഭിച്ചിട്ടുണ്ട്. ഹിന്ദു മതവിശ്വാസിയില്‍ നിന്നാണ് ആദ്യ സംഭാവന ലഭിച്ചതെന്ന് ട്രസ്റ്റ് അംഗങ്ങള്‍ പറഞ്ഞു. 'സമാധാനത്തിന്‍റെ സന്ദേശം നൽകാനായി ഈ പള്ളി നിര്‍മിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു'വെന്ന് ഹുസൈൻ സിദ്ദിഖി വ്യക്തമാക്കി.
'രാമക്ഷേത്രം ജനുവരി ഒന്നിന് തുറക്കും'
അയോധ്യ രാമക്ഷേത്രം 2024 ജനുവരി ഒന്നിന് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ത്രിപുരയിലാണ് അമിത് ഷാ ഈ പ്രഖ്യാപനം നടത്തിയത്. രാമക്ഷേത്രം യാഥാര്‍ഥ്യമാക്കുന്നത് പ്രധാനമന്ത്രിയാണെന്നും കോണ്‍ഗ്രസ് നിര്‍മാണം തടയാനാണ് ശ്രമിച്ചതെന്നും അമിത് ഷാ പറഞ്ഞു. ത്രിപുരയിലെ രഥയാത്രയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
രാമക്ഷേത്രത്തിന് 2020 ആഗസ്ത് 5ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തറക്കല്ലിട്ടത്. ക്ഷേത്രത്തിന്‍റെ നിര്‍മാണം പകുതി പൂര്‍ത്തിയായെന്ന് കഴിഞ്ഞ നവംബറില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിക്കുകയുണ്ടായി. പിന്നാലെയാണ് രാമക്ഷേത്രം തുറക്കുന്ന തിയ്യതി അമിത് ഷാ പ്രഖ്യാപിച്ചത്. 1800 കോടി രൂപയാണ് നിര്‍മാണ ചെലവ്.
ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിനാണ് രാമക്ഷേത്ര നിർമാണത്തിന്‍റെ ചുമതല. ക്ഷേത്രത്തിൽ പ്രധാന ദിവസങ്ങളിൽ അഞ്ച് ലക്ഷം വരെ ഭക്തരെ ഉൾക്കൊള്ളാനാകുമെന്ന് ക്ഷേത്ര നിർമാണ സമിതി അധ്യക്ഷൻ പറഞ്ഞു. തീർഥാടന കേന്ദ്രം, മ്യൂസിയം, ആർക്കൈവ്‌സ്, ഗവേഷണ കേന്ദ്രം, ഓഡിറ്റോറിയം, കാലിത്തൊഴുത്ത്, പൂജാരിമാര്‍ക്കുള്ള മുറികൾ എന്നിവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.