ബംഗളൂരു: ‘വൈൽഡ് കർണാടക’ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട കേസിൽ സംവിധായകർക്കും ഇംഗ്ലീഷ് ചാനലായ ബി.ബി.സി, ഓൺലൈൻ ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് എന്നിവക്കുമെതിരെ കർണാടക ഹൈകോടതി കുറ്റം ചുമത്തി.
ഡോക്യുമെന്ററിയുടെ ടെലികാസ്റ്റുമായി ബന്ധപ്പെട്ട് 2021ൽ ഹൈേകാടതി പുറപ്പെടുവിച്ച താൽക്കാലിക ഉത്തരവ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് സംവിധായകരായ ജെ.എസ്. അമോഘ് വർഷ, ശരത് ചമ്പടി, ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്ത ബി.ബി.സി, നെറ്റ്ഫ്ലിക്സ് എന്നിവർക്കെതിരെ കുറ്റം ചുമത്തിയത്.
കോടതിയലക്ഷ്യം ചുണ്ടിക്കാട്ടി രവീന്ദ്ര എൻ. രേദ്കർ, ആർ.കെ. ഉല്ലാഷ് കുമാർ എന്നിവർ നൽകിയ ഹരജിയിലാണ് നടപടി. 2014ലാണ് ഡോക്യുമെന്ററി നിർമിക്കാൻ മഡ്സ്കിപ്പർ ലാബ്സും ഐ.ടി.വി സ്റ്റുഡിയോസ് ഗ്ലോബലും കല്യാൺ വർമ, അമോഘ് വർഷ എന്നിവരെ സമീപിക്കുന്നത്. തുടർന്ന് ഡോക്യുമെന്ററി ചിത്രീകരിക്കാൻ കർണാടക വനംവകുപ്പുമായി (കെ.എഫ്.ഡി) കരാർ ഒപ്പിട്ടു.
എന്നാൽ, വനംവകുപ്പിന്റെ ഗതാഗത സൗകര്യം അടക്കം ഉപയോഗപ്പെടുത്തി വകുപ്പിന് ചില്ലിക്കാശ് അടക്കാതെ സേവനങ്ങൾ ഉപയോഗപ്പെടുത്തിയാണ് ചിത്രീകരണം പൂർത്തിയാക്കിയതെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ഡോക്യുമെന്ററിയുടെ ഫൂട്ടേജുകളുടെ യഥാർഥ ഉടമാവകാശം കർണാടക വനം വകുപ്പിനാണെന്നിരിക്കെ, സംവിധായകർ ഇംഗ്ലണ്ടിലെ ഐക്കൺ ഫിലിംസിനാണ് ഇത് കൈമാറിയത്.
വനംവകുപ്പ് അറിയാതെയായിരുന്നു ഈ നടപടിയെന്നാണ് പ്രധാന ആരോപണം. ഡോക്യുമെന്ററി വാണിജ്യപരമായി ഉപയോഗിക്കരുത് എന്ന് കർണാടക വനംവകുപ്പ് നിർദേശിച്ചിട്ടും ഇത് ബി.ബി.സി, ഡിസ്കവറി, നെറ്റ്ഫ്ലിക്സ് എന്നിവക്ക് വിറ്റു. തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്തു. 400 മണിക്കൂർ വരുന്നതാണ് ഒറിജിനൽ വിഡിയോ ദൃശ്യങ്ങളെന്നും ഇതിന്റെ പൂർണ ഉടമാവകാശം വനം വകുപ്പിനാണെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.
കേസിൽ 2021 ജൂൺ 29ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച ഹൈകോടതി, ഡോക്യുമെന്ററി പ്രദർശിപ്പിക്കരുതെന്ന് എതിർ ഹരജിക്കാരോട് ആവശ്യപ്പെട്ടു.
എന്നാൽ, ഇതിന് ശേഷമാണ് ഡോക്യുമെന്ററി തിയറ്ററിലെത്തുന്നതും ബി.ബി.സിയും നെറ്റ്ഫ്ലിക്സും പുറത്തുവിടുന്നതും. ഇതോടെ ഹരജിക്കാർ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലാണ് കഴിഞ്ഞ ദിവസം പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. വനം വകുപ്പുമായുള്ള കരാർ ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്.
ഈ കേസിൽ തങ്ങൾ കർണാടക വനം വകുപ്പിന് നഷ്ടപരിഹാരം നൽകാൻ തയാറാണെന്ന് എതിർകക്ഷികൾ ജനുവരി 17ന് ഹൈകോടതിയെ അറിയിച്ചിരുന്നു. ബി.ബി.സി 3.5 ലക്ഷവും നെറ്റ്ഫ്ലിക്സ് 4.5 ലക്ഷവും നൽകാമെന്നാണ് അറിയിച്ചത്. ഐകൺ ഫിലിംസ്, ഡിസ്കവറി എന്നിവ 3.5 ലക്ഷം വീതം ടൈഗർ കൺസർവേഷൻ ഫൗണ്ടേഷന് നൽകാമെന്നും അറിയിച്ചിരുന്നു. സംവിധായകരും നഷ്ടപരിഹാരം നൽകാനുള്ള സന്നദ്ധത പ്രകടിപ്പിച്ചു.
എന്നാൽ, നഷ്ടപരിഹാര വാഗ്ദാനം നൽകിയുള്ള മാപ്പ് കാപട്യമാണെന്ന ഹരജിക്കാരുടെ അഭിഭാഷകന്റെ വാദം കണക്കിലെടുത്ത കോടതി, എതിർ ഹരജിക്കാർക്കുമേൽ കുറ്റം ചുമത്തുകയായിരുന്നു. കേസ് ഫെബ്രുവരി എട്ടിന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.