ന്യൂഡൽഹി: രാഹുൽ ഗാന്ധി ഒഴിഞ്ഞുമാറിയാൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ബഹുകോണ മത്സരം. അശോക് ഗെഹ്ലോട്ട്, ശശി തരൂർ, മനീഷ് തിവാരി എന്നിവർക്കൊപ്പം മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ദിഗ്വിജയ്സിങ്ങും കളത്തിൽ. ഗെഹ്ലോട്ട് കൈവിടാൻ തയാറല്ലാത്ത രാജസ്ഥാനിലെ മുഖ്യമന്ത്രിസ്ഥാനവും കീറാമുട്ടിയായി.
ആർക്കും മത്സരിക്കാമെന്ന് നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെയാണ്, സ്ഥാനാർഥിയായേക്കുമെന്ന് ദിഗ്വിജയ്സിങ് സൂചന നൽകിയത്. ഗെഹ്ലോട്ടിനെ സ്ഥാനാർഥിയാക്കുന്നതിൽ മുതിർന്ന നേതാക്കൾക്കുള്ള അതൃപ്തി ഇതോടെ മറനീക്കി. ഗെഹ്ലോട്ട് പ്രസിഡന്‍റായാൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാതെ പറ്റില്ലെന്നും ഉദയ്പൂർ നവസങ്കൽപ ശിബിരം ഒരാൾക്ക് ഒരു പദവിയെന്ന് തീരുമാനിച്ചതാണെന്നും ദിഗ്വിജയ്സിങ് ടി.വി ചാനൽ അഭിമുഖത്തിൽ പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനം കളയാതെ കോൺഗ്രസ് പ്രസിഡന്‍റാകാനുള്ള തീവ്രശ്രമത്തിലാണ് അശോക് ഗെഹ്ലോട്ട്. അദ്ദേഹം പ്രസിഡന്‍റായാൽ കസേര കിട്ടിയേ തീരൂവെന്ന് യുവനേതാവ് സചിൻ പൈലറ്റ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഭാരത് ജോഡോ യാത്രയിൽ ചേരാൻ സചിൻ പൈലറ്റ് കേരളത്തിലെത്തിയ സമയത്തുതന്നെ കോൺഗ്രസ് എം.എൽ.എമാരുടെ യോഗവും അത്താഴവിരുന്നും അശോക് ഗെഹ്ലോട്ട് നടത്തിയത് ശ്രദ്ധേയമായി. പ്രസിഡന്‍റാകേണ്ടിവന്നാലും താൻ എവിടെയും പോകുന്നില്ലെന്നാണ് രാജസ്ഥാൻ എം.എൽ.എമാരോട് ഗെഹ്ലോട്ട് പറഞ്ഞത്. രണ്ടുപദവി വഹിക്കുന്നതിന് പാർട്ടി ചട്ടങ്ങൾ തടസ്സമല്ലെന്ന വാദമുഖങ്ങളും നിരത്തി. എന്നാൽ, മുഖ്യമന്ത്രി, പ്രസിഡന്‍റ് സ്ഥാനങ്ങൾ ഒരേസമയം നൽകാൻ കോൺഗ്രസ് നേതൃത്വം തയാറല്ല. ഇതിനിടെ, കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി എ.ഐ.സി.സി ഓഫിസിൽ ലഭ്യമാക്കിയ വോട്ടർപട്ടിക തിരുത്തൽപക്ഷ നേതാവ് ശശി തരൂർ നേരിട്ടെത്തി പരിശോധിച്ചു.
ഇതിനിടെ, കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി എ.ഐ.സി.സി ഓഫിസിൽ ലഭ്യമാക്കിയ വോട്ടർപട്ടിക തിരുത്തൽപക്ഷ നേതാവ് ശശി തരൂർ നേരിട്ടെത്തി പരിശോധിച്ചു. ശനിയാഴ്ച നാമനിർദേശ പത്രിക സമർപ്പണം തുടങ്ങാനിരിക്കേയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.