തടവുകാരെ വിട്ടയക്കൽ വിവാദം: യു.പി സർക്കാർ ഉദ്യോഗസ്ഥനെ ബലിയാടാക്കിയെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: പതിനാറ് വർഷത്തിലധികമായി ശിക്ഷ അനുഭവിക്കുന്ന ജീവപര്യന്തം തടവുകാരെ വിട്ടയക്കുന്നത് സംബന്ധിച്ച വിഷയത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരം നൽകിയതിന് സുപ്രീംകോടതിയുടെ പഴി കേൾക്കേണ്ടിവന്ന ജയിൽ ഭരണ പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിനെ നീക്കിയ ഉത്തർപ്രദേശ് സർക്കാർ നടപടി വിമർശിച്ച് പരമോന്നത കോടതി. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ പേര് പറഞ്ഞ് ഫയലിൽ തുടർ നടപടി സ്വീകരിക്കാതിരുന്ന സർക്കാർ ഐ.എ.എസ് ഉദ്യോഗസ്ഥനെ ബലിയാടാക്കുകയാണ് ചെയ്തതെന്നും കോടതി കുറ്റപ്പെടുത്തി.

തടവുകാരെ വിട്ടയക്കുന്ന കാര്യത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം തടസ്സമാകില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടത് ചൂണ്ടിക്കാട്ടി ജയിൽ അധികൃതർ അയച്ച ഇ-മെയിൽ മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവർ തുറന്നുനോക്കിയില്ലെന്നും ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടർന്ന്, മേയ് 13ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിൽ സ്വീകരിച്ച നടപടി വ്യക്തമാക്കി സെപ്റ്റംബർ 24നകം സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

കോടതിയിൽ തെറ്റായ വിവരം നൽകിയതിന് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് രാജേഷ് കുമാർ സിങ്ങിന് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.

Tags:    
News Summary - Controversy of release of prisoners: Supreme Court said UP government official was made a scapegoat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.