മതപരിവർത്തനം ആരോപിച്ച് ​ക്രിസ്​ത്യൻ മിഷനറി സ്​കൂളിന്​ നേരെ ബജ്​റംഗ്​ ദൾ ആക്രമണം - വിഡിയോ

വിദിശ: വിദ്യാർഥികളെ മതപരിവർത്തനം ചെയ്​തെന്ന്​ ആരോപിച്ച്​ മധ്യപ്രദേശിലെ ക്രിസ്​ത്യൻ മിഷനറി സ്​കൂളിന്​ നേരെ ബജ്​റംഗ്​ ദൾ ആക്രമണം. വിദിഷ ജില്ലയിലെ ഗഞ്ച് ബസോദ പട്ടണത്തിലെ സെന്‍റ്​ ജോസഫ് സ്‌കൂളിലാണ്​ സംഭവം. ബജ്​റംഗ്​ ദൾ പ്രവർത്തകരും നൂറുകണക്കിന് നാട്ടുകാരും സ്‌കൂളിലേക്ക് അതിക്രമിച്ച് കയറി കെട്ടിടത്തിന് നേരെ കല്ലെറിയുകയായിരുന്നു. പ്ലസ്​ടു വിദ്യാർത്ഥിളുടെ കണക്ക് പരീക്ഷ നടക്ക​ുന്നതിനിടെയാണ്​ അക്രമം.

എട്ട്​ വിദ്യാർഥികളെ സ്​കൂൾ അധികൃതർ മതംമാറ്റിയെന്ന്​ സാമൂഹിക മാധ്യമങ്ങളിൽ വാർത്ത പരന്നതോടെയാണ്​ ആക്രമണം ഉണ്ടായത്​. സ്​കൂൾ കോമ്പൗണ്ടിൽ വൻ ജനക്കൂട്ടം മാനേജ്‌മെന്റിനെതിരെ മുദ്രാവാക്യം വിളിക്കുന്നത് വിഡിയോ ദൃശ്യങ്ങളിൽ കാണാം. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്​. അകത്തുണ്ടായിരുന്ന വിദ്യാർഥികളും സ്‌കൂൾ ജീവനക്കാരും തലനാരിഴക്കാണ്​ അക്രമകാരികളിൽനിന്ന്​ രക്ഷപ്പെട്ടത്​.

ജനക്കൂട്ടം ചില്ലുകൾക്ക് നേരെ കല്ലെറിഞ്ഞതോടെ എല്ലാവരും പരിഭ്രാന്തരായെന്ന് ഒരു​ വിദ്യാർഥി പറഞ്ഞു. പരീക്ഷ വീണ്ടും നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.

പ്രാദേശിക മാധ്യമങ്ങളിലൂടെയാണ്​ ആക്രമണത്തിന്‍റെ വിവരം ലഭിച്ചതെന്നും തുടർന്ന് പൊലീസിനെയും സംസ്ഥാന ഭരണകൂടത്തെയും അറിയിച്ചതായും സ്‌കൂൾ മാനേജർ ബ്രദർ ആന്‍റണി വ്യക്​തമാക്കി. പൊലീസ് കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മതപരിവർത്തനം നടത്തിയെന്ന ആരോപണവും മാനേജർ നിഷേധിച്ചു.

അതേസമയം, മതപരിവർത്തനത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് പ്രാദേശിക ബജ്‌റംഗ്ദൾ യൂനിറ്റ് നേതാവ് നിലേഷ് അഗർവാൾ ആവശ്യപ്പെട്ടു. സംഭവം സത്യമാണെങ്കിൽ സ്‌കൂൾ ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെ തുടർന്ന് പ്രദേശത്തെ മറ്റ് മിഷനറി സ്‌കൂളുകളിലും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. അക്രമത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

കൂടാതെ ആരോപണ വിധേയമായ മതപരിവർത്തനത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. സ്കൂൾ മാനേജ്മെന്‍റിനെ ചോദ്യം ചെയ്യുമെന്ന്​ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് റോഷൻ റായ് പറഞ്ഞു. സ്കൂളിനെതിരായ ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ സംരക്ഷണ കമിഷൻ നേരത്തെ വിദിഷ ജില്ല കലക്ടർക്ക് കത്തയച്ചിരുന്നു.

Tags:    
News Summary - Converts students; Bajrang Dal attacks Christian missionary school - Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.