ന്യൂഡൽഹി: തൊഴിലാളി അവകാശങ്ങളുടെ ചിറകരിഞ്ഞു തയാറാക്കിയ മൂന്നു സുപ്രധാന തൊഴിൽ ചട്ടങ്ങൾ ഭരണപക്ഷത്തിെൻറ ഏകപക്ഷീയ ചർച്ചക്കു ശേഷം ലോക്സഭ 'എതിർപ്പില്ലാതെ' പാസാക്കി. വ്യവസായബന്ധ ചട്ടം, സാമൂഹിക സുരക്ഷ ചട്ടം, തൊഴിലിട സുരക്ഷ ചട്ടം എന്നീ തൊഴിൽ സംഹിതകളാണ് പ്രതിപക്ഷ ബഹിഷ്കരണം വകവെക്കാതെ പാസാക്കിയത്.
രാജ്യസഭയിൽനിന്ന് എട്ട് എം.പിമാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് വിവിധ പ്രതിപക്ഷ പാർട്ടികൾ ലോക്സഭയിൽ ഇറങ്ങിപ്പോക്ക് നടത്തിയെങ്കിലും ബിൽ ചർച്ചക്കെടുക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലാതെ സർക്കാർ മുന്നോട്ടു പോയപ്പോൾ, എൻ.ഡി.എ സഖ്യകക്ഷികൾക്കു പുറമെ ബി.ജെ.ഡി, എ.ഐ.എ.ഡി.എം.കെ തുടങ്ങിയ ചങ്ങാത്ത പാർട്ടികളുടെ സഹകരണം മാത്രമാണ് സർക്കാറിന് ലഭിച്ചത്.
നടപ്പു സമ്മേളനകാലം മുഴുവൻ ബഹിഷ്കരിക്കാൻ പ്രതിപക്ഷം തീരുമാനിച്ചിരിക്കേ, ഗൗരവ ചർച്ചകൾ നടക്കേണ്ടിയിരുന്ന തൊഴിൽ നിയമ പരിഷ്കാരത്തിന്മേൽ രാജ്യസഭയിലും ഭരണപക്ഷ ചർച്ച മാത്രമാണ് നടക്കുക. ഭരണപക്ഷവും പ്രതിപക്ഷവും ഒട്ടൊക്കെ ബലാബലം നിൽക്കുന്ന രാജ്യസഭയിൽ പ്രതിപക്ഷത്തിെൻറ അഭാവത്തിൽ മൂന്നു ബില്ലുകളും അനായാസം പാസാവും. പ്രതിപക്ഷ ബഹിഷ്കരണത്തിനിടയിൽ ചൊവ്വാഴ്ച ഏഴു ബില്ലുകളാണ് രാജ്യസഭയിൽ ചുരുങ്ങിയ സമയം കൊണ്ട് ഏകപക്ഷീയ ചർച്ചയോടെ കൈയടിച്ചു പാസാക്കിയത്.
44 തൊഴിൽ നിയമങ്ങൾ എടുത്തുകളഞ്ഞ് കഴിഞ്ഞ വർഷം സർക്കാർ പാർലമെൻറിൽ കൊണ്ടുവന്ന നാലു തൊഴിൽ ചട്ടങ്ങളിൽ വേതനച്ചട്ട ബിൽ പാസാക്കിയിരുന്നു. പ്രതിപക്ഷം ആവശ്യപ്പെട്ടതിനാൽ മൂന്നു ചട്ടങ്ങളും പാർലമെൻറ് സ്റ്റാൻഡിങ് കമ്മിറ്റിയുടെ പഠനത്തിന് വിട്ടു.
പഠനം കഴിഞ്ഞ് തൊഴിലുടമക്ക് കൂടുതൽ ഇളവും ആശ്വാസവും ലഭ്യമാക്കുന്ന വിധമാണ് സർക്കാർ ബില്ലുകൾ പുതുക്കി കൊണ്ടുവന്നത്. അതാണ് പ്രതിപക്ഷ ശബ്ദമില്ലാതെ പാസാക്കിയത്.
ഇനി 'ഹയർ ആൻഡ് ഫയർ'
- തൊഴിലാളിയെ ജോലിക്ക് എടുക്കുന്നതിനും തോന്നുേമ്പാൾ പിരിച്ചുവിടുന്നതിനും തൊഴിലുടമക്ക് വർധിച്ച സ്വാതന്ത്ര്യമാണ് ചട്ടങ്ങൾ വഴി ലഭിക്കുക. 300ൽ താെഴ തൊഴിലാളികളുള്ള വ്യവസായ സ്ഥാപനം പൂട്ടാനും തൊഴിലാളികളെ പിരിച്ചു വിടാനും സർക്കാറിെൻറ പ്രത്യേകാനുമതി വേണ്ട. കഴിഞ്ഞ വർഷം സർക്കാർ നിർദേശിച്ചത് 100ൽ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ എന്നായിരുന്നു. ബിൽ പുതുക്കിയപ്പോൾ അതേ സർക്കാർതന്നെ നിലപാട് മാറ്റി. ഇതോടെ കൂടുതൽ സ്ഥാപനങ്ങൾക്ക് സ്വമേധയാ പിരിച്ചുവിടൽ, അടച്ചുപൂട്ടൽ സ്വാതന്ത്ര്യമായി. വ്യവസായ ബന്ധ ചട്ടം 2020ലെ 77(1) വകുപ്പിലാണ് പിരിച്ചുവിടാൻ സർക്കാർ അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കുന്നത്.
- ഏതു വ്യവസായ സ്ഥാപനത്തിലും സമരം ചെയ്യാൻ തൊഴിലാളികൾക്കുള്ള അവകാശം ചുരുങ്ങി. 14 ദിവസം മുമ്പ് നോട്ടീസ് നൽകണം. അനുബന്ധ വ്യവസ്ഥകൾ കൂടിയാകുേമ്പാൾ പണിമുടക്ക് നടത്താൻ തന്നെ കഴിയില്ല. അനുരഞ്ജന ചർച്ച നടന്ന് ഏഴു ദിവസം വരെ സമരം പാടില്ല. ഒരു ൈട്രബ്യൂണൽ നടപടി കഴിഞ്ഞ് 60 ദിവസ സാവകാശമില്ലാതെ സമരം ചെയ്യരുത്. സമരം മാത്രമല്ല, തൊഴിലുടമയുടെ ലോക്കൗട്ടും പാടില്ല. പൊതുസേവന രംഗത്തെ സ്ഥാപനങ്ങളുടെ കാര്യത്തിൽ മാത്രമാണ് സമരത്തിന് ആറാഴ്ച മുമ്പ് നോട്ടീസ് നൽകണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നത്.
- നിശ്ചിതകാല തൊഴിൽ സമ്പ്രദായത്തിന് വ്യവസ്ഥ. തൊഴിലുടമയും തൊഴിലാളിയുമായി നിശ്ചിതകാല കരാറിൽ ഏർപ്പെടാം. അതു പുതുക്കിയില്ലെങ്കിൽ, യഥാസമയം തൊഴിലാളി പിരിഞ്ഞു പോകണം. സ്ഥിര നിയമനം, താൽകാലിക നിയമനം എന്നിവയിൽനിന്ന് വ്യത്യസ്തമാണിത്. െതാഴിലാളി സംഘടനയുടെ ഇടപെടൽ പറ്റില്ല. ഒരേ വേതനമാകണമെന്നില്ല. പ്രോവിഡൻറ് ഫണ്ട്, ഇ.എസ്.െഎ അവകാശങ്ങൾകൂടി നിശ്ചിതകാല കരാർ ജീവനക്കാർക്ക് ഉണ്ടാവില്ല.
- ഏതു സ്ഥാപനത്തിലെയും തൊഴിൽ ചർച്ചകൾ 51 ശതമാനമെങ്കിലും അംഗങ്ങളുള്ള യൂനിയനുമായിട്ടാവും. അത്തരമൊരു യൂനിയനില്ലെങ്കിൽ, 20 ശതമാനമെങ്കിലും തൊഴിലാളികൾ അംഗങ്ങളായ വിവിധ യൂനിയനുകളെ ഉൾെപ്പടുത്തി ചർച്ച സമിതി രൂപവത്കരിക്കും.
- അന്തർസംസ്ഥാന തൊഴിലാളികളെ, തൊഴിലാളിയുടെ നിർവചനത്തിൻ കീഴിൽ കൊണ്ടുവന്നു. അസംഘടിത മേഖലയിൽ പെടുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി സാമൂഹിക സുരക്ഷ ഇളവുകൾ നൽകുന്നതിന് ഇത് സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.